ആരോഗ്യകരമായ ജീവിതത്തിന്‍റെ അടിത്തറ ആരോഗ്യകരമായ ഡയറ്റ് അഥവാ ഭക്ഷണരീതി തന്നെയാണെന്ന് പറയാം. അത്രമാത്രം ഭക്ഷണം നമ്മെ സ്വാധീനിക്കുന്നതാണ്. അതും വളരെ ‘ബാലൻസ്ഡ്’ ആയി എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന രീതിയില്‍ വേണം ഡയറ്റിനെ ക്രമീകരിക്കാൻ.
കഴിയുന്നതും പുറത്തുനിന്ന് കഴിക്കാതെ പോഷകസമൃദ്ധമായ ഭക്ഷണം വീട്ടില്‍ തന്നെ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദിവസവും നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ വൈവിധ്യവും അളവുമെങ്കിലും മനസിലാക്കി അവയെ നമുക്ക് അനുയോജ്യമായ വിധത്തില്‍ ക്രമീകരിക്കുകയെങ്കിലും വേണം. ധാരാളം സസ്യാഹാരം ദിവസവും കഴിക്കാൻ ശ്രമിക്കുക. പല നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കണം. പല നിറം എന്ന് പറയാൻ കാരണം ഓരോ നിറത്തിലും ഓരോ തരത്തിലുള്ള പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നതിനാലാണ്. സ്റ്റാര്‍ച്ച് അധികമില്ലാച്ച പച്ചക്കറികളാണ് നല്ലത്.
കൊഴുപ്പ് ശരീരത്തിന് അധികം നല്ലതല്ലെന്ന് പറയും. എന്നാല്‍ ആരോഗ്യകരമായ കൊഴുപ്പ് നല്ലതാണ്. നട്ട്സ്, സീഡ്സ്, ഒലിവ് ഓയില്‍, അവക്കാഡോ, മത്തി – അയല – നത്തോലി പോലുള്ള മത്സ്യങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇങ്ങനെ ഹെല്‍ത്തി ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഓരോ പോഷൻ എല്ലാ ദിവസവും തന്നെ ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണം. എക്സ്ട്രാ വിര്‍ജിൻ കോക്കനട്ട് ഓയില്‍, ഒര്‍ഗാനിക് വിര്‍ജിൻ കോക്കനട്ട് ഓയില്‍ എന്നിവയും നല്ലതാണ്.
ഇറച്ചിയും കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും ആനിമല്‍ പ്രോട്ടീൻ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ അളവിന്‍റെ കാര്യം എപ്പോഴും ശ്രദ്ധിക്കണം. ഇറച്ചി കഴിക്കുമ്പോള്‍ അളവ് അമിതമാകാതെ നോക്കുക. ഒരു കൈപ്പിടിയുടെ അളവ് എന്നതാണ് സുരക്ഷിതമായൊരു അളവ്. വെജിറ്റേറിയൻ മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതിന് പകരം സപ്ലിമെന്‍റ്സോ വീഗൻ പ്രോട്ടീനോ കഴിക്കാവുന്നതാണ്.
നേരത്തെ സൂചിപ്പിച്ചത് പോലെ ഹെല്‍ത്തി ഫാറ്റ് അടങ്ങിയ മീനുകളും ആരോഗ്യത്തെ ഏറെ പരിപോഷിപ്പിക്കുന്നു. ചെറുമീനുകളാണ് ഇതിലേറ്റവും ഉള്‍പ്പെടുന്നത്. മത്തി, ചാള, നത്തോലി, അയല എന്നിവയെല്ലാം ഇതിനുദാഹരണമാണ്. സാല്‍മൺ മത്സ്യവും നല്ലതുതന്നെ.