ഹിറ്റ് കോംബോ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. ലീഗൽ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നവംബർ 3 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അരുൺ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ ഒരുക്കുന്ന തിരക്കഥ എന്നത് ആരാധകരുടെ ആവേശം കൂട്ടുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്.
സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ വേഷമിടുന്നത്. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഗരുഡൻ’. വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം മികച്ച ദൃശ്യാനുഭവം തന്നെയാകും പ്രേക്ഷകന് നൽകുന്നതെന്നാണ് പ്രതീക്ഷ.