ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം ഇതുവവരെ നിലകൊണ്ട നിലപാടിനെതിരായ നടപടിയാണ് ഇതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 
ജോര്‍ദാന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നപ്രമേയത്തെ 120 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കാനുള്ള തടസങ്ങള്‍ ഉടനടി നീക്കണം. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
‘കണ്ണിനു പകരം കണ്ണ് എന്ന നിലപാട് ലോകത്തെ മുഴുവന്‍ അന്ധരാക്കുന്നു’- പ്രിയങ്ക ഗാന്ധി എ്കസ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. വോട്ടെടുപ്പില്‍ നിന്ന് രാജ്യം വിട്ടുനിന്ന നടപടി തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നും നിലപാട് ലജ്ജാകരമാണെന്നും പ്രിയങ്ക പറഞ്ഞു.
നമ്മുടെ രാജ്യം അഹിംസയുടെയും സത്യത്തിന്റെയും തത്ത്വങ്ങളില്‍ സ്ഥാപിതമായതാണ്, സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ജീവന്‍ ത്യജിച്ചാണ് ഈ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്, ഈ തത്വങ്ങള്‍ നമ്മുടെ ദേശീയതയെ നിര്‍വചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനമാണെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം, വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും അതിനാലാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *