ന്യൂഡൽഹി: ഹരിയാന സ്വദേശിയായ 19 കാരനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. നിരവധി ക്രിമിനൽ ഗൂഢാലോചനകളിലും കൊലപാതക ശ്രമങ്ങളിലും പങ്കുള്ള യോഗേഷ് കദ്യാനെതിരെയാണ് ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്. 2 വർഷം മുമ്പാണ് യോഗേഷ് കദ്യാൻ വ്യാജ പാസ്‌പോർട്ടിൽ യുഎസിലേക്ക് രക്ഷപ്പെട്ടത്. 17-ാം വയസിൽ യുഎസിലേക്ക് രക്ഷപ്പെട്ട ഇയാൾ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിക്കെതിരെ പ്രവർത്തിക്കുന്ന സംഘത്തിപ്പെട്ട ആളാണെന്ന് ആണ് അധികൃതർ പറയുന്നത്.
നിലവിൽ യുഎസിലെ ബബിൻഹ സംഘത്തിൽപ്പെട്ട കദ്യാൻ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനാണെന്ന് അധികൃതർ പറയുന്നു. ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, നിരോധിത ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇന്റർപോൾ നോട്ടീസിൽ കദ്യാനെതിരെ ചുമത്തിയിരിക്കുന്നത്.
ബബിൻഹ സംഘവുമായും ഖാലിസ്ഥാൻ ഭീകരരുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ഇയാൾക്കുള്ള ഖാലിസ്ഥാനി ബന്ധം അന്വേഷിക്കാൻ, കദ്യാന്റെ വീടും ഇന്ത്യയിലെ അറിയപ്പെടുന്ന ഒളിത്താവളങ്ങളും അടുത്തിടെ എൻഐഎ റെയ്ഡ് ചെയ്തിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, ഗുണ്ടാസംഘം നേതാവായ ഹിമാൻഷു എന്ന ഭൗവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അഹമ്മദാബാദ് ജയിലിലാണ്. ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലും ബിഷ്‌ണോയി പ്രതിയാണ്. അടുത്തിടെ കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിങ്ങിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത് കൂടാതെ, നടൻ സൽമാൻ ഖാനെയും ബിഷ്‌ണോയി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.