വാഷിങ്ടണ്‍ ഡിസി: ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്താന്‍ ഒരു കാരണം, ഇന്ത്യ ~ മധ്യപൂര്‍വേഷ്യ ~ യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതാകാമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഈ മൂന്ന് മേഖലകളെയും റെയില്‍ ~ റോഡ് ~ തുറമുഖ ശൃംഖലകള്‍ വഴി ബന്ധിപ്പിക്കാനുദ്ദേശിക്കുന്നതാണ് സാമ്പത്തിക ഇടനാഴി.അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാന്‍ തന്‍റെ പക്കല്‍ തെളിവൊന്നുമില്ലെന്നും ബൈഡന്‍ പറഞ്ഞു. പൊതുവില്‍ ആഗോളതലത്തിലും പ്രത്യേകിച്ച് ഇസ്രയേലുമായും ഐക്യം ശക്തിപ്പെടുത്തുന്നതാവാം ഹമാസിനെ പ്രകോപിപ്പിക്കുന്നതെന്നും, എന്നാല്‍, ഇത്തരം പദ്ധതികളില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും ബൈഡന്‍ പറഞ്ഞു. യുഎസ് സന്ദര്‍ശിക്കുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസുമൊത്തു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍റെ പരാമര്‍ശങ്ങള്‍.ഇന്ത്യയില്‍ നടത്തിയ ജി20 ഉച്ചകോടിക്കിടെയാണ് ഇന്ത്യ, യുഎസ്എ, യുഎഇ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ സാമ്പത്തിക ഇടനാഴി രൂപീകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചത്. ഏഷ്യ, പശ്ചിമേഷ്യ, മധ്യപൂര്‍വേഷ്യ, യൂറോപ്പ് എന്നീ മേഖലകളുടെ ഐക്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.