കൊല്ലം: സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി പോകുന്നതിനിടെയായിരുന്നു അഭിമുഖം. ഇടുക്കി മരുതുംപേട്ട സ്വദേശി അൻസു ട്രീസ ആന്റണി (25) ആണ് മരിച്ചത്. സംഭവത്തിൽ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ജയകുമാർ പിടിയിലായി. ഇയാൾ ഓടിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരള സെൻട്രൽ സർവകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ യുവതി കൊല്ലം കുളക്കടയിലെ കോളേജിൽ ജോലിക്കായുള്ള ഇന്റർവ്യൂവിന് എത്തിയതായിരുന്നു. ബസ്സിൽ സ്ഥലം മാറി പുത്തൂരിൽ ഇറങ്ങി. ഓട്ടോറിക്ഷ ഡ്രൈവറോട് വഴി ചോദിച്ചു മനസ്സിലാക്കിയ അൻസു ബസ് കയറുന്നതിനായി സീബ്രാലൈനിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് നടക്കുമ്പോഴായിരുന്നു അമിത വേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചത്.

സീബ്രാലൈനിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴാണ് യുവതിയെ കാറിടിച്ചത്. ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് 30 കിലോമീറ്റർ ആണ് അനുവദനീയമായ വേഗപരിധി. ഇതിനെക്കാൾ വേഗത്തിലായിരുന്നു പ്രതി വണ്ടി ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed