വിപണി ഭരിച്ചിരുന്ന ഹ്യുണ്ടായി സാൻട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി വന്ന് ഹിറ്റടിച്ചെങ്കിലും പിന്നീട് ദേവു എന്ന ബ്രാൻഡ് കച്ചോടംപൂട്ടയതോടെ ഈ ഹാച്ച്ബാക്ക് നിരത്തൊഴിയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ജനറൽ മോട്ടോഴ്‌സ് എറ്റെടുത്തതിന് ശേഷം രണ്ടാം തലമുറ പതിപ്പായി ഷെവർലെ സ്പാർക്കായി മാറ്റിസ് ഇന്ത്യയിലെത്തി.
മാറ്റിസ് നിരത്തിലോടുന്നത് വളരെ വിരളമാണ്. മാറ്റിസ് ഹാച്ച്ബാക്കിന് പുറമെ സീലോ ആഡംബര സെഡാനും ദേവൂന്റെ നിരയിലെ തട്ടുപൊളിപ്പൻ കാറായിരുന്നു. ഇങ്ങനെ ഇന്ത്യയ്ക്ക് ഗണ്യമായ ഹിറ്റുകൾ നൽകിയ ദക്ഷിണ കൊറിയൻ കാർ നിർമതാക്കളായ ദേവൂ മോട്ടോർസ് നമ്മുടെ രാജ്യത്തേക്ക് തിരികെയെത്തുകയാണ്.
സോളാർ പാനലുകൾ, ഇ-ബൈക്ക് ബാറ്ററികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ടെക്നോളജി സൊലൂഷനുകൾ വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യൻ കമ്പനിയായ കെൽവോൺ ഇലക്ട്രോണിക്‌സുമായി സഹകരിച്ചാണ് ഇന്ത്യൻ വിപണിയിലേക്കുള്ള മടക്ക ടിക്കറ്റിന് ദേവൂ തയാറെടുക്കുന്നത്. പോസ്‌കോ ദേവൂയിസ് എന്ന പേരിലായിരിക്കും ബ്രാൻഡ് ഇനി അറിയപ്പെടുക.
കെൽവോൺ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡുമായി തന്ത്രപരമായ ലൈസൻസിംഗ് കരാർ ഒപ്പിട്ടതിന് പിന്നാലെ ദക്ഷിണ കൊറിയക്കാരായ പോസ്‌കോ ദേവൂ ഇലക്‌ട്രിക് സൈക്കിൾ നിർമാണത്തിനായിരിക്കും ഇനി മുൻഗണ കൊടുക്കുക. പക്ഷേ ദേവൂ നേരിട്ടല്ല കളത്തിലേക്ക് ഇറങ്ങുന്നത് എന്നതും നേരത്തെ പറയാം.