ഫ്ലോറിഡ : അമേരിക്കയിലെ കൊച്ചു കേരളമായ ഫ്ലോറിഡയുടെ ചരിത്രത്തിലാദ്യമായി ഫോമാ സൺഷൈൻ റീജിയൺ സംഘടിപ്പിയ്ക്കുന്ന കേരളോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബര് 28 നു ടാമ്പായിലെ സിറോ-മലബാർ ചർച് ഓഡിറ്റോറിയത്തിലാണ് ഈ ഉത്സവം അരങ്ങേറുന്നത്.
ജന്മ നാടിന്റെ ഗൃഹാതുര സ്മരണകൾ അയവിറക്കുവാനും അത് പുതു തലമുറയിലേക്ക് കൈമാറുവാനും ഉതകുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരിയ്ക്കുന്നതെന്ന് ഫോമാ സൺഷൈൻ റീജിണൽ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ്, ഫോമാ നാഷണൽ ട്രെഷറർ ബിജു തോണിക്കടവിൽ, ഫോമാ സൺഷൈൻ റീജിണൽ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആൻ്റണി, ബിജോയ് സേവ്യർ, അജീഷ് ബാലാനന്ദൻ, എക്സ് ഒഫീഷോ ടി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
വൈവിധ്യമായ കലാപരിപാടികളാണ് ഈ ആഘോഷരാവിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. റീജിയൺ കൺവീനർ നോയൽ മാത്യുവിന്റെ നേതൃത്വത്തിൽ നാല്പതിലധികം കലാകാരൻമാർ ഒരുക്കുന്ന ശിങ്കാരിമേളം കാണികൾക്ക് വേറിട്ടൊരുഅനുഭവമാകും. ഫ്ളോറിഡയിലെ പന്ത്രണ്ടോളം വരുന്ന വിവിധ അസ്സോസിയേഷനുകളിലെ പ്രതിഭകളാണ് ഈ വേദിയിൽ മാറ്റുരക്കുന്നത്.
വാദ്യമേളം, കഥക് ഫ്യൂഷൻ, മോഹിനിയാട്ടം, ഒപ്പന, ഫാഷൻ ഷോ, മെൻസ് & വിമൻസ് മോബ് ഡാൻസ് കൂടാതെ സൺഷൈൻ തീയേറ്റേഴ്സ് ഒരുക്കുന്ന കോമഡി സ്കിറ്റ് അങ്ങനെ കണ്ണിനും കാതിനും കുളിർമയേകുന്ന പരിപാടികൾ കേരളോത്സവത്തിന് വർണപ്പകിട്ടേകും. ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ 8 മണിക്കുള്ള ഡിന്നറോടുകൂടി പര്യവസാനിക്കും.
ഫ്ളോറിഡയിലുള്ള എല്ലാ മലയാളികളെയും കേരളത്തെ അനുസ്മരിക്കുന്ന പുതുമയാർന്ന പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി റീജിയൻ ചെയർമാൻ ടിറ്റോ ജോൺ, സെക്രട്ടറി ഗോപകുമാർ,സൺഷൈൻ റീജിയൺ കൾച്ചറൽ ഫോറം ചെയർപേഴ്സൺ ഷീജ അജിത്, വൈസ് പ്രസിഡന്റ് ജിജോ ചിറയിൽ, സെക്രട്ടറി സാജ് കാവിന്റരികത് , ജോയിൻ്റ് സെക്രട്ടറി എലിസബത്ത് സ്മിത ആന്റണി, ഫോറം അംഗങ്ങളായ ഡോ. ജഗതി നായർ, നിവിൻ ജോസ്, രഞ്ജുഷ മണികണ്ഠൻ എന്നിവർ അറിയിച്ചു.