ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക 2023-24 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. എഞ്ചിനീയറിങ്, മെഡിസിന്‍, നഴ്‌സിങ്, അഗ്രിക്കള്‍ച്ചര്‍, ഫാര്‍മക്കോളജി, ഡെന്റിസ്റ്ററി മുതലായ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ആദ്യ വര്‍ഷം പ്രവേശനം നേടുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
കോഴ്‌സ് കാലാവധിയില്‍ പ്രതിവര്‍ഷം 250 ഡോളറാണ് സ്‌കോളര്‍ഷിപ് തുക. പഠന മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ് പുതുക്കുവാന്‍ അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്ത പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ 2023 നവംബർ 30 നകം https://namaha.org/scholarship-applicationഎന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്. അപേക്ഷകള്‍ക്കൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിയുള്ള കത്ത്, പ്രൊഫഷണല്‍ കോഴ്‌സിനുള്ള അഡ്മിഷന്‍ ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശ കത്ത്, “കേരളത്തിലെ ഹിന്ദുക്കൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിഹാര നിർദ്ദേശങ്ങളും” എന്ന വിഷയത്തില്‍ മൂന്നു പേജില്‍ കവിയാത്ത ഉപന്യാസം എന്നിവ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
മുൻവർഷങ്ങളിൽ സ്കോളർഷിപ് ലഭിച്ച വിദ്യാർഥികൾ https://namaha.org/scholarship-renewal/ എന്ന വെബ് സൈറ്റിൽ സ്കോളർഷിപ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷകൾ നവംബർ 30 നകം സമർപ്പിക്കേണ്ടതാണ്.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാമദാസ് പിള്ള, വൈസ് ചെയര്‍ സോമരാജന്‍ നായര്‍, സെക്രട്ടറി ഡോ. ആര്‍ ജയകൃഷ്ണന്‍, പ്രസന്നന്‍ പിള്ള (കമ്മിറ്റി ചെയര്‍), ഡോ. രവി രാഘവന്‍ (കമ്മിറ്റി കോചെയര്‍), രാജീവ് ഭാസ്‌ക്കരന്‍ (കമ്മിറ്റി കോചെയര്‍), രവി വെള്ളത്തേരി, സുധാ കര്‍ത്താ, സുരേന്ദ്രന്‍ നായര്‍, ഡോ. സുധീര്‍ പ്രയാഗ, ഡോ. ഗോപാലന്‍ നായര്‍, ഡോ. രഞ്ജിനി പിള്ള, ഗോപിനാഥ് കുറുപ്പ്, അനില്‍ ആറന്മുള, നന്ദകുമാര്‍ ചക്കിങ്ങല്‍, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ സമിതിക്കാണ് സ്‌കോളര്‍ഷിപ് ധനസമാഹരണത്തിന്റെയും വിതരണത്തിന്റെയും ചുമതല.
കെ എച്ച് എന്‍ എ 2007 ഏപ്രിൽ 8 നു തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ 50 സ്കോളർഷിപ്പുകൾ നൽകിയാണ് സ്കോളർഷിപ് പദ്ധതിക്കു തുടക്കം കുറിക്കുന്നത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായ് ഉത്‌ഘാടനം നിർവഹിക്കുകയും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ശ്രീ പി പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തുകയും ട്രസ്റ്റി ബോർഡ് ചെയർമാൻ ഉദയഭാനു പണിക്കർ അധ്യക്ഷം വഹിക്കുകയും ചെയ്ത പദ്ധതിയിലൂടെ രണ്ടായിരത്തോളം സ്കോളർഷിപ്പുകൾ നല്കാൻ സാധിച്ചിട്ടുണ്ട്.
കെ എച്ച് എന്‍ എ നിരവധി വര്‍ഷങ്ങളായി നടത്തിവരുന്ന സ്‌കോളര്‍ഷിപ് പദ്ധതി മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്ന അനേകം കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ഉന്നത ഉദ്യോഗം കരസ്ഥമാക്കാനും സാധ്യമായിട്ടുണ്ടെന്ന് പ്രസിഡന്റ് ജി. കെ. പിള്ളയും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. രഞ്ജിത് പിള്ളയും പറഞ്ഞു. സ്കോളർഷിപ് ലഭിച്ച് പഠിച്ചവർ മറ്റു വിദ്യാർത്ഥികളെയും സഹായിക്കുവാൻ മുന്നോട്ടു വരണമെന്ന് കമ്മിറ്റി ചെയർമാൻ പ്രസന്നൻ പിള്ള അഭ്യർത്ഥിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *