പൊന്നാനി: പ്രാദേശിക ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ടി വി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍ രചിച്ച “പത്തേമാരി വിസ്മയങ്ങളുടെ തിരയടികള്‍” എന്ന പുസ്തകം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ എം ഇ എസ് പൊന്നാനി കോളേജിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പ്രകാശനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം പുസ്തകം ഏറ്റുവാങ്ങി.
അറബിക്കടലിന്‍റെ വ്യാവസായിക മേഖലയില്‍ ഒരു കാലഘട്ടത്തിലെ സുപ്രധാനവും നിര്‍ണ്ണായകവുമായ പങ്ക് വഹിച്ച ജലവാഹനങ്ങളാണ് പത്തേമാരികളെന്ന് പുസ്തകം പുറത്തിറക്കികൊണ്ട് മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു.
വാണിജ്യ, വൈക്ജ്ഞാനിക, വൈദേശിക ശക്തികൾക്കെതിരെയുള്ള പോരാട്ട രംഗങ്ങളിൽ ഉജ്വലമായ ഒട്ടേറെ അദ്ധ്യായങ്ങൾ സ്വന്തമായുള്ള പൊന്നാനിയുടെ പഴയ കാല ചരിത്രത്തിൽ പത്തേമാരികൾ തുന്നിച്ചേർത്ത സുവർണ താളുകൾ ഗവേഷണാത്മകമായി കണ്ടെത്തുകയും അവതരിപ്പിക്കുകയുമാണ് പുസ്തകത്തിലൂടെ രചയിതാവ്.
പത്തേമാരി തൊഴിലാളികളും ഉടമകളുമായ നൂറിലേറെ മനുഷ്യരുടെ കരളുറപ്പും കൈക്കരുത്തും അനാവരണം ചെയ്യുന്ന “പത്തേമാരി: വിസ്മയങ്ങളുടെ തിരയടികൾ” വിസ്മൃതിയിൽ മുങ്ങിപ്പോയേക്കാവുന്ന പൊന്നാനിയുടെ പ്രതാപത്തിന്റെ വീണ്ടെടുപ്പ് കൂടിയാണ്.
പൊന്നാനി തീരദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി വൈ എസ് എഫ് (കമ്മ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം) ആണ് പ്രദേശത്തിന്റെ ഗതകാല പ്രൗഢി അടയാളപ്പെടുത്തുന്ന പത്തേമാരികളുടെ വർത്തമാനം പറയുന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
എം എ ഹസീബ് പുസ്തക പരിചയം നടത്തി. ഒ ഒ ശംസു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊന്നാനിയില്‍ ജീവിച്ചിരിക്കുന്ന നൂറോളം പത്തേമാരി തൊഴിലാളികളെ ആദരിച്ചു. ഹാജി കെ മുഹമ്മദ് കാസിം കോയ, ഒ സി സലാഹുദ്ദീന്‍, എ കെ ജബ്ബാര്‍, കെ കുഞ്ഞന്‍ബാവ മാസ്റ്റര്‍, മുഹമ്മദ് പൊന്നാനി, വി ഉസ്മാന്‍, പി മുഹമ്മദ്, കരീമുള്ള, പി പി സക്കീര്‍, യാസര്‍ അറഫാത്ത് എന്നിവര്‍ പ്രസംഗിച്ചു.