ചെന്നൈ: രാജ്ഭവന് നേരെ ബോംബേറുണ്ടായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ബോംബേറുണ്ടായ സംഭവത്തില്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്ന് രാജ്ഭവന് ആരോപിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും എം.കെ സ്റ്റാലിന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണെന്നും സ്റ്റാലിന് പരിഹാസ സ്വരത്തില്‍ പറഞ്ഞു. “ദ്രാവിഡം എന്നാല്‍ എന്താണെന്ന് ബംഗ്ലാവുകളിലും ഉയര്‍ന്ന തസ്തികയിലും ഇരിക്കുന്നവര്‍ ചോദിക്കുന്നു’.
“ദ്രാവിഡം എന്താണെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്ന വ്യക്തി അത് തുടരട്ടെ,അത് ഞങ്ങളുടെ പ്രചരണത്തിന് ശക്തി പകരും’. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അദ്ദേഹം എന്തൊക്കെ കള്ളങ്ങളാണ് പറയുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സ്റ്റാലിന് ചൂണ്ടിക്കാട്ടി.