തിരുവനന്തപുരം: സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ലിവിങ് മ്യൂസിയം സജ്ജീകരിക്കുന്നത്.
കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ,എന്നീ അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബർ ഒന്നു മുതൽ ഏഴുവരെ ‘ആദിമം ദി ലിവിങ് മ്യൂസിയം’ എന്നു പേരിട്ട ഈ ലിവിങ് മ്യൂസിയത്തിൽ പുനരാവിഷ്‌കരിക്കും.
കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയത്തിന്റെ കാൽനാട്ടൽ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്നലെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ നിർവഹിച്ചു. അഞ്ച് ഊരു മൂപ്പന്മാരുടെ അനുഗ്രഹാശിസുകളോടെയായിരുന്നു ചടങ്ങുകൾ.
ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ആരംഭം. നഗാര, തുടി, മത്താളം, കൊക്കര എന്നീ ഗോത്ര വാദ്യങ്ങളുടെ താളം പുതിയ അനുഭവമായി.പളിയ വിഭാഗത്തിന്റെ കുടിയുടെ കാൽനാട്ടലിന് ഊരുമൂപ്പൻ അരുവി,പ്രാർത്ഥനകളോടെ മന്ത്രിക്ക് ഈറ കൈമാറി തുടക്കം കുറിച്ചു. കാണി വിഭാഗം മൂപ്പൻ ചെമ്പൻകോട് മണികണ്ഠൻ,മന്നാൻ വിഭാഗം മൂപ്പൻ കുമാരൻ കൊക്കൻ, മാവിലർ വിഭാഗം മൂപ്പൻ ഭാസ്‌കരൻ, ഊരാളി വിഭാഗം മൂപ്പൻ ബാലൻ എന്നിവരും അതത് കുടിലുകളുടെ കാൽനാട്ടലിനുള്ള ഈറ മന്ത്രിക്ക് കൈമാറി.  
ഗോത്ര സംസ്‌കൃതിയുടെ തനിമയാർന്ന ജീവിതം ആവിഷ്‌കരിക്കുക എന്നതാണ് ആദിമത്തിലൂടെ ലക്ഷ്യമിടുന്നത്.ഒപ്പം കേത്രാട്ടം,തെയ്യം,പടയണി തുടങ്ങിയ അനുഷ്ഠാന കലകളുടെ സോദാഹരണം നടത്തുന്ന കാവുകളുടെയും പ്രോടൈപ്പുകളും ലിവിങ് മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.മായ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സത്യൻ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി.ലവ്‌ലിൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *