തിരുവനന്തപുരം: ഐക്യ കേരളം രൂപംകൊണ്ടിട്ട് നവംബർ ഒന്നിന് 67 വർഷം പിന്നീടും. സംസ്ഥാനത്ത് എങ്ങും കേരളീയം പരിപാടിയുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലത്തില്‍ വരെ കേരളപ്പിറവി ദിനം വിപുലമായ രീതിയില്‍ ആഘോഷിക്കും.
1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയി.
1957 ലാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നതെങ്കിലും ഐക്യകേരളമെന്ന ആവശ്യം ബ്രീട്ടീഷ് ഭരണകാലത്ത് തന്നെ ആരംഭിച്ചിരുന്നു. സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയാണ് മലയാള ഭാഷ സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ മേഖലകള്‍ കൂട്ടിച്ചേർക്കണമെന്ന ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുന്നോട്ട് വെക്കുന്നത്.
1928-ൽ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു. നെഹ്റുവായിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷന്‍. 1946 ലാണ് ഐക്യകേരളത്തിനായി വിവിധ പാർട്ടികളുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി രൂപീകരിക്കുന്നത്.
കൊച്ചി മഹാരാജാവ് ആയിരുന്ന കേരള വർമ്മയും ഐക്യകേരള രൂപീകരണത്തില്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. 1947 ഏപ്രിലിൽ കെ.കേളപ്പന്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. ഇതോടെ അദ്ദേഹത്തിന് ഐക്യകേരള തമ്പുരാന്‍ എന്ന വിശേഷണവും ലഭിച്ചു.
ഐക്യകേരളത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിയും നിസ്തുലമായ പങ്ക് വഹിച്ചു. കേരളം മലയാളിയുടെ മാതൃഭൂമി എന്നപേരില്‍ ഒരു ഗ്രന്ഥം ഇ എം എസ് എഴുതിയിട്ടുണ്ട്. കൊച്ചി, മലബാർ പ്രവിശ്യകളിൽ ഉയർന്ന് വന്ന ട്രേഡ് യൂണിയനുകളുടെ അഖില കേരള തൊഴിലാളി സമ്മേളനം 1935 ല്‍ കോഴിക്കോട് വെച്ച് നടത്തിയത് പി കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഐക്യകേരള നീക്കങ്ങള്‍ ശക്തിപ്പെട്ടു.
1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപീകൃതമായി. 1950 ജനുവരിയിൽ അത് ‘സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ-കൊച്ചിൻ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഫസല്‍ അലി കമ്മീഷന്‍ കേരള സംസ്ഥാന രൂപീകരിക്കാന്‍ നിർദേശം നല്‍കുന്നത്. അങ്ങനെ 1956 നവംബർ 1-ന് സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് ആധുനിക കേരള സംസ്ഥാനം രൂപീകരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് നിയമം പാസാക്കി. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഎംസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തില്‍ വരികയും ചെയ്തു