പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചില സംവിധായക- താര കോമ്പിനേഷനുകള്‍ ഉണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടുകെട്ട് ആണ് മണി രത്നം- കമല്‍ ഹാസന്‍. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂ. പക്ഷേ അത് മതി ആ കൂട്ടുകെട്ട് വീണ്ടും സംഭവിക്കണമെന്ന് ഒരു പ്രേക്ഷകന് ആഗ്രഹിക്കാന്‍. 
1987 ല്‍ പുറത്തെത്തിയ നായകനാണ് ആ ചിത്രം. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിതാ ആ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചതായാണ് വിവരം. വലിയ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ആക്ഷന് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ വലിയ രീതിയിലുള്ള പ്രമോ ഷൂട്ടാണ് ആരംഭിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. 
കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ്  മണി രത്നവുമായി ചേര്‍ന്ന് ചെയ്യുന്നത്. അതിനാല്‍ ഈ ചിത്രത്തിന് താല്‍ക്കാലിക ടൈറ്റില്‍ കെഎച്ച് 234 എന്നാണ്. രാജ്‍ കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റെഡ് ജൈന്‍റ് മൂവിസും നിര്‍മ്മാണ പങ്കാളികളാണ്. 
 കെഎച്ച് 234  സെലിബ്രേറ്റിംഗ് പവര്‍ ഹൌസസ് ഓഫ് ഇന്ത്യന്‍ സിനിമ എന്നാണ് ഈ ചിത്രത്തിന് നിലവില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ചിത്രത്തിന്‍റെ ഇപ്പോ ഷൂട്ട് ചെയ്യുന്ന പ്രമോ വീഡിയോ കമലിന്‍റെ ജന്മദിനമായ നവംബര്‍ 7 ന് റിലീസ് ചെയ്യും എന്നാണ് വിവരം. 
അതേ സമയം  നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍കി 2898 എഡി, തുനിവിന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, ഷങ്കറിന്‍റെ ഇന്ത്യന്‍ 2 എന്നിവയാണ് കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *