ദോഹ: ഖത്തറില്‍ തടവിലായ 8 മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായി ഖത്തിറിലെത്തിയവരാണിവര്‍. ജനുവരി 14 ന് ഇവരെ കസ്ററഡിയിലെടുത്ത് ഏകാന്ത തടവിലാക്കിയിരുന്നു. എന്നാല്‍, സെപ്റ്റംബറില്‍ മാത്രമാണ് ഇവരെ തടവിലാക്കിയ കാര്യം ദോഹയിലെ ഇന്ത്യന്‍ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഖത്തറിന്‍റെ ശിക്ഷാവിധിക്ക് പിന്നാലെ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായും അവരുടെ അഭിഭാഷകരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താത്ത പക്ഷം കൂടുതല്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വിദേശകാര്യ മന്ത്രാലയം.
അല്‍ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എട്ടുപേരും. ഇവര്‍ ഏകാന്ത തടവിലായിരുന്നെന്ന വിവരം ഇന്ത്യയ്ക്ക് ലഭ്യമായത് ഇപ്പോഴാണ് എന്നതും പ്രശ്നത്തിന്‍റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ചാരവൃത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെടുന്നതെന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവരുന്നുണ്ട്. എന്നാല്‍, ഖത്തറോ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയോ ഇത് സ്ഥിരീകരിച്ചിട്ടില്ല.