ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവും അധികം സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷയെന്ന സ്ഥാനത്തേയ്ക്ക് മലയാളം.ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന പത്ത് ഭാഷകളില്‍ ഒന്നായി മലയാളം ഇതോടെ ചേര്‍ക്കപ്പെടും.
രാജ്യത്തെ 2022 ലെ സെന്‍സസ് അനുസരിച്ച് 24,674 പേരാണ് മലയാളം സംസാരിക്കുന്നവരായുള്ളത്. 2022 ഏപ്രില്‍ മാസത്തിന് ശേഷം അയര്‍ലണ്ടില്‍ എത്തിയ നാല്പത്തിനായിരത്തോളം ഇന്ത്യക്കാരുടെ കണക്ക് ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം എത്തിയ മലയാളികളെ ഇതിനൊപ്പം കൂട്ടിയാല്‍ മലയാളികളുടെടെ എണ്ണം മുപ്പതിനായിരം കടന്നേക്കും.
13902 പേരാണ് അയര്‍ലണ്ടില്‍ 2022 ലെ സെന്‍സസ് ദിനത്തില്‍ ഹിന്ദി ഭാഷ സംസാരിക്കുന്നവരായി കണ്ടെത്തിയത്. തമിഴ് (5502 ) തെലുങ്ക് ( 3125 ) പഞ്ചാബി (2537 ) എന്നീ ഇന്ത്യന്‍ ഭാഷകളാണ് അയര്‍ലണ്ടില്‍ കൂടുതലായി സംസാരിക്കപ്പെടുന്ന ഭാഷകള്‍. ഉറുദു സംസാരിക്കുന്ന 16307 പേരും,ബംഗാളി സംസാരിക്കുന്ന 6245 പേരും ഇന്ത്യന്‍ ഭാഷകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും ഇവരില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്.
ഡബ്ലിന്‍ സിറ്റിയില്‍ മാത്രം ഹിന്ദി സംസാരിക്കുന്ന 3705 പേരെ കണ്ടെത്തിയപ്പോള്‍ മലയാളികളുടെ എണ്ണം 2743 ആണ് .ബ്‌ളാഞ്ചാര്‍ഡ്സ് ടൌണ്‍ ഉള്‍പ്പെടുന്ന ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ ഏരിയയില്‍ മലയാളികളുടെ എണ്ണം 3054 ആയിരിക്കെ ഹിന്ദി സംസാരിക്കുന്നവര്‍ 1286 പേരാണ്.
ലൂക്കന്‍ ,താല മേഖലകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഡബ്ലിനില്‍ ഹിന്ദി സംസാരിക്കുന്നവര്‍ 1763 പേരുള്ളപ്പോള്‍ മലയാള ഭാഷ ഉപയോഗിക്കുന്ന 2844 പേരുണ്ട്.
ഡണ്‍ലേരി കൗണ്‍സിലിന് കീഴില്‍ മലയാളഭാഷ ഉപയോഗിക്കുന്നവര്‍ 1176 പേര്‍ മാത്രമേയുള്ളു.ഇവിടെ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം 2141 ആണ്.
കൗണ്ടി കോര്‍ക്കില്‍ ആകെ 1031 പേരാണ് ഹിന്ദി സംസാരിക്കുന്നത് .എന്നാല്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം 2516 ആണ്.ഗോള്‍വേയില്‍ 1300 മലയാളികള്‍ ഉള്ളപ്പോള്‍ ഹിന്ദി സംസാരിക്കുന്നവര്‍ 580 പേര്‍ മാത്രമാണ്.
ലീമെറിക്കിലും മലയാളികളാണ് കൂടുതല്‍ ( 1265 ) 426 പേരെ കൗണ്ടിയില്‍ ഹിന്ദി ഉപയോഗിക്കുന്നുള്ളൂ. സെന്‍സസ് കണക്കുകള്‍ പ്രകാരം വാട്ടര്‍ഫോഡില്‍ മലയാളികളുടെ സംഖ്യ താരതമ്യേനെ കുറവാണ് ( 784 ) കില്‍ഡെയര്‍ ( 1108 ) വിക്ലോ ( 644 ) സ്ലൈഗോ (245) ഡൊണിഗേല്‍ ( 710 )വെക്‌സ്‌ഫോര്‍ഡ് (561 ) ഓഫലി ( 235 ) എന്നിങ്ങനെയാണ് മറ്റു പ്രധാന കൗണ്ടികളിലെ മലയാളികളുടെ എണ്ണം സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് (സിഎസ്ഒ) വൈവിധ്യവും വംശീയതയും വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിപ്പബ്ലിക്കിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ജനസംഖ്യയുള്ള നഗരങ്ങളായി മേയോയിലെ ബാലിഹൗണിസും ,ലോംഗ്ഫോര്‍ഡിലെ ബാലിമഹോണും തിരഞ്ഞെടുക്കപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *