ജിദ്ദ:   ദമ്മാമിൽ  വെള്ളിയാഴ്ച  പ്രവാസി യുവതയുടെ വ്യവസ്ഥാപിത സർഗകലാമേളയായ‌ പ്രവാസി സാഹിത്യോത്സവ് സൗദി ഈസ്റ്റ്‌ നാഷനൽ മൽസരം‌‌‌ അരങ്ങേറും.
കലാസാംസ്കാരിക മൽസരങ്ങൾക്ക്‌ പുറമെ സാഹിത്യോത്സവ് മുന്നോട്ട്‌ വെക്കുന്ന പ്രമേയം അടിസ്ഥാനപ്പെടുത്തി സംവാദവും സമൂഹത്തിന്റെ വിവിധതുറകളിലുള്ളവരെ പങ്കെടുപ്പിച്ച്‌ സാംസ്കാരിക സമ്മേളനവും സാഹിത്യോൽസവിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ സെഷനുകളിലായി നാട്ടിലെയും പ്രവാസ ലോകത്തെയും ചിന്തകർ, എഴുത്തുകാർ, സാംസ്കാരിക-പൊതുപ്രവർത്തകർ പരിപാടിയിൽ സംബന്ധിക്കും.
യൂനിറ്റ്‌, സെക്ടർ, സോൺ തുടങ്ങി മൂന്ന് തലങ്ങളിൽ മൽസരിച്ച്‌ വിജയിച്ച പ്രതിഭകളാണ്‌ ദമ്മാമിലെ‌ ദേശീയ ഗ്രാന്റ്‌ ഫിനാലെയിൽ മാറ്റുരക്കുക. മലയാളം, ഇംഗ്ലീഷ്‌, അറബി ഭാഷകളിൽ പ്രസംഗങ്ങളും, ഗാനവിഭാഗത്തിൽ മദ്ഹ്‌, മപ്പിളപ്പാട്ട്‌, അറബിഗാനം, ഉർദുഗാനം, ഖസ്വീദ, ഖവാലി, സൂഫീഗീതം, സംഘഗാനം എന്നിവയും കൂടാതെ കഥപറയൽ, കവിതാപാരായണം, ദഫ്‌മുട്ട്‌ തുടങ്ങിവയുമാണ്‌ പ്രധാന സ്‌റ്റേജ്‌ മൽസരങ്ങൾ.
സ്റ്റേജിതര ഇനങ്ങളിൽ പ്രധാനമായും ഭാഷാകേളി, പെൻസിൽഡ്രോയിങ്‌, ജലച്ചായം, കഥാ-കവിതാ രചനകൾ, ഹൈക്കു, സ്പെല്ലിങ്‌ ബീ, പ്രബന്ധം, സോഷ്യൽ ട്വീറ്റ്‌, കാലിഗ്രഫി, സ്പോട്ട്‌ മാഗസിൻ, മാഗസിൻ ഡിസൈൻ എന്നിവയാണ്‌.
16 ലോകരാജ്യങ്ങളിൽ ശ്രേണീബന്ധിതമായി സാഹിത്യോത്സവുകൾ അരങ്ങേറുന്നുണ്ട്‌. തിരുവനന്തപുരത്ത്‌ സമാപിച്ച കേരള സാഹിത്യോൽസവിൽ രണ്ടര ലക്ഷം കുടുംബ യൂനിറ്റുകൾ‌ പങ്കാളികളായിരുന്നു.
മത-ലിംഗ ഭേദമന്യേ പ്രതിഭകൾ മൽസരിക്കുന്ന സാഹിത്യോത്സവ് ‘മനുഷ്യൻ’ എന്ന പ്രമേയത്തെ ഉദ്ഘോഷിക്കുന്ന അരങ്ങുകൂടിയാണെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു‌. നാഷനൽ മൽസരാർഥികളല്ലാത്ത കുടുംബിനികൾക്കും വിദ്യാർഥിനികൾക്കുമായി ക്രാഫ്റ്റ്‌ ഡിസൈനിങ്‌, അറബിക്‌ കാലിഗ്രഫി, മലയാള പ്രബന്ധം തുടങ്ങിയ പൊതുമൽസരങ്ങളും സാഹിത്യോൽസവ് വേദിയിൽ സംഘടിപ്പിക്കുന്നുണ്ട്‌.
കലാലയം സാംസ്കാരികവേദിയാണ് പരിപാടിയുടെ‌ സംഘാടകർ. അഷ്‌റഫ്‌ പട്ടുവം ചെയർമാനും സൗദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹബീബ്‌ ഏലംകുളം കൺവീനറുമായി 101 അംഗ സ്വാഗതസംഘത്തിനു കീഴിലാണ്‌ പരിപാടിയുടെ വിജയത്തിനു വേണ്ടിയുള്ള മുന്നൊരുക്കപ്രവർത്തനങ്ങൾ നടക്കുന്നത്‌.
സാഹിത്യോത്സവ് ഉദ്‌ഘാടനം രാവിലെ ഏഴിന്‌, രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ ഇബ്‌റാഹിം അംജദിയുടെ അധ്യക്ഷതയിൽ ഐസിഎഫ്‌ ഇന്റർനാഷനൽ പബ്ലികേഷൻ സെക്രട്ടറി സലീം പാലച്ചിറ നിർവഹിക്കും.
സയ്യിദ്‌ സ്വഫ്‌വാൻ, അഷ്‌റഫ്‌ പട്ടുവം, അബ്ദുൽ ബാരി നദ്‌വി, ശംസുദ്ദീൻ സഅദി, മുഹമ്മദ്‌ കുഞ്ഞി അമാനി, സിദ്ദീഖ്‌ ഇർഫാനി, അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, സിറാജ്‌ വേങ്ങര സംബന്ധിക്കും. തുടർന്ന് പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ, ക്യാംപസ്‌ വിഭാഗങ്ങൾ അഞ്ച്‌ വേദികളിലായി 90 ഇനങ്ങളിൽ മൽസരിക്കും. റിയാദ്‌ സിറ്റി, റിയാദ്‌ നോർത്ത്‌, അൽ ഖസീം, ഹായിൽ, അൽ ജൗഫ്‌, അൽ ഹസ്സ, ദമ്മാം, അൽ ഖോബാർ, ജുബൈൽ എന്നിങ്ങനെ ഒമ്പത്‌ സോണുകൾ തമ്മിലാണ്‌ മൽസരം.
ഉച്ചയ്ക്ക്‌ ശേഷം ‘യുവതയുടെ സംവേദന ക്ഷമത, രാഷ്ട്രീയ പ്രവാസത്തിന്റെ സാധ്യത’ എന്ന വിഷയത്തിൽ സംവാദം നടക്കും. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കെഇഎൻ സംഗമം ഉദ്‌ഘാടനം ചെയ്യും. ഇസ്‌ലാമിക്‌ പ്രബ്ലിഷിങ്‌ ബ്യൂറോ ഡയറക്ടർ മജീദ്‌ അരിയല്ലൂർ, പ്രവാസി രിസാല മുൻ എക്സിക്യൂട്ടീവ്‌ എഡിറ്റർ ടിഎ അലി അക്‌ബർ സംബന്ധിക്കും.
വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയിൽ കെ ഇ എൻ ഉദ്ഘാടനം ചെയ്യും. ടിഎ അലി അക്‌ബർ കീനോട്ട്‌ അവതരിപ്പിക്കും.
എഴുത്തുകാരനായ ജോസഫ്‌ അതിരുങ്കൽ, കവി സുനിൽ കൃഷണൻ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, പൊതു പ്രവർത്തകരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, പ്രദീപ്‌ കൊട്ടിയം, ആൽബിൻ ജോസഫ്‌, നിസാർ കാട്ടിൽ  ഇടപെട്ട്‌ സംസാരിക്കും. ജാബിറലി പത്തനാപുരം, മലിക്‌ മഖ്‌ബൂൽ, നാസ്‌ വക്കം, ഇന്ത്യൻ സ്കൂൾ പ്രിൻസിപൽ സുനിൽ പീറ്റർ, സുബൈർ ഉദിനൂർ, നൗഷാദ്‌ മണ്ണാർക്കാട്‌ സംബന്ധിക്കും.
വൈകുന്നേരം 7 മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനത്തിൽ ഈ വർഷത്തെ  സാഹിത്യോത്സവിലെ കലാപ്രതിഭ, സർഗപ്രതിഭ എന്നിവരെ പ്രഖ്യാപിക്കും. ശേഷം മൽസരത്തിൽ‌ ജേതാക്കളാകുന്ന സോൺ ടീമുകൾ ട്രോഫികൾ ഏറ്റുവാങ്ങും.
മജീദ്‌ അരിയല്ലൂർ പ്രതിഭകളെ അഭിവാദ്യം ചെയ്യും. ഹസ്സൻ ഹാജി, അബ്ദുല്ല കാന്തപുരം, അൻവർ കളറോഡ്‌, അഹ്‌മദ്‌ തോട്ടട, സലീം ഓലപ്പീടിക‌, ഡോ.ഉസ്മാൻ, ഡോ. മഹ്‌മൂദ്‌ മുത്തേടം, കബീർ ചേളാരി, ശഫീഖ്‌ ജൗഹരി, ഖിദ്‌ർ മുഹമ്മദ്‌, മുസ്തഫ മുക്കൂട്‌, മുനീർ തോട്ടട, നൗഷാദ്‌ മുയ്യം, അഷ്‌റഫ്‌ ചാപ്പനങ്ങാടി സംബന്ധിക്കും.
പരിപാടികൾക്ക്‌ സൗദി ഈസ്റ്റ്‌ നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ്‌ പാലേരി, കലാലയം, സംഘടന, മീഡിയ സെക്രട്ടറിമാരായ മുഹമ്മദ്‌ സ്വാദിഖ്‌ സഖാഫി, ഫൈസൽ വേങ്ങാട്‌, ആബിദ്‌ നീലഗിരി, നൂറുദ്ദീൻ കുറ്റ്യാടി, അനസ്‌ വിളയൂർ എന്നിവർ നേതൃത്വം നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *