കായംകുളം: വിവരാവകാശ നിയമം സർക്കാറിൽനിന്നുള്ള സകല വിവരങ്ങളും പുറത്തു പറയാനുള്ളതല്ലെന്നും പറയേണ്ടതെല്ലാം കൃത്യസമയത്ത് പറയാനുള്ളതാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കീം പറഞ്ഞു. ആലപ്പുഴ കോട്ടയം പത്തനംതിട്ട കൊല്ലം ജില്ലകളിലെ രണ്ടാം അപ്പീൽ പരാതികളിൽ കായംകുളം നഗരസഭാ കൗൺസിൽ ഹാളിൽ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ 48 മണിക്കൂറിനകം അപേക്ഷകന് ലഭിച്ചിരിക്കണം. എന്നാൽ വ്യക്തികളുടെ സ്വകാര്യത, സ്ഥാപനങ്ങളുടെ വ്യാപാരവളർച്ചാരഹസ്യം, രാജ്യസുരക്ഷ തുടങ്ങിയ അന്വേഷണങ്ങളിൽ എല്ലാ വിവരങ്ങളും പുറത്തു നല്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരന്റെ അഭിമാനം, സാമ്പത്തിക വളർച്ച എന്നിവയെല്ലാം സംരക്ഷിക്കുന്ന സർക്കാറിലെ എല്ലാ രേഖകളും പുറത്തുവിടുന്നതിന് നിയമം അനുവദിക്കുന്നില്ല. നിയമത്തിൽ പത്ത് ഖണ്ഡികകളിലായി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഈ നിയമം ശത്രു സംഹാര ക്രിയക്കുള്ളതല്ലെന്നും വിവരാവകാശ അപേക്ഷകൾ നിരന്തരം നല്കി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നവരെ കമ്മിഷൻ നിരീക്ഷിച്ചുവരികയാണെന്നും ഹക്കിം അറിയിച്ചു.
അതേസമയം സാധാരണ അപേക്ഷകളിൽ നല്കാൻ കഴിയുന്ന വിവരങ്ങളും നല്കാതിരിക്കാൻ എന്താണ് മാർഗമെന്ന് പരതുന്ന ഉദ്യോഗസ്ഥർക്കെതിരെ മൂന്നു വിധത്തിൽ നടപടി ഉണ്ടാകും. വിവരം നല്കാത്ത ഓഫീസർക്ക് 30 ദിവസംവരെ കമ്മിഷൻ അവധി നല്കും. തുടർന്നുള്ള ഓരോ ദിവസവും 250 രൂപവീതം പിഴ ഒടുക്കണം. 
വീണ്ടും വീഴ്ചയുണ്ടായാൽ അയാൾക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയുണ്ടാകും. വിവരംലഭിക്കാത്തതിനാൽ അപേക്ഷകർക്ക് കഷ്ടനഷ്ടങ്ങളുണ്ടായാൽ നഷ്ടപരിഹാരവും നല്കേണ്ടിവരും. അതിന് തുക പരിധിയില്ലെന്നും കമ്മിഷണർ വിശദമാക്കി. അപേക്ഷകരെ ചുറ്റിക്കുന്ന മറുപടി നല്കിയവരും തുക എത്രയെന്ന് പറയാതെ തുക അടക്കാൻ നിർദ്ദേശം നല്കിയവരുമായ അഞ്ച് ഓഫീസർമാർക്കെതിരെ ശിക്ഷാ നടപടിയെടുക്കും.കൃഷ്ണപുരത്തെ എയിഡഡ് സ്കൂളിൽ നിന്ന് തെറ്റായ വിവരം നല്കാനുണ്ടായ സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കായംകുളം എ.ഇ.ഒ യെ ചുമതലപ്പെടുത്തി.
ഇന്നത്തെ തെളിവെടുപ്പിൽ നിന്ന് വിട്ടു നിന്ന     മാവേലിക്കര പൊലീസ് എസ്.എച്ച്.ഒ,ആലപ്പുഴ കെ.എസ്.എഫ് ഇ ഓഫീസർ,സംസ്ഥാന റേഷനിംഗ് കൺട്രോളർ, അരൂർ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ എന്നിവരെ സമൻസയച്ച് രേഖകളും സ്റ്റാറ്റസ് റിപ്പോർട്ടുമായി നവംബർ ഒമ്പതിന് തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് വരുത്തും. 
വിവരം തെറ്റായി നല്കിയതായി കണ്ടെത്തിയ നാല് ഓഫീസർമാർക്കെതിരെ ശിക്ഷയുടെ മുന്നോടിയായുള്ള ഷോക്കോസ് നോട്ടീസ് നല്കും. നാല് പരാതികളിൽ വിവരം തൽക്ഷണം ലഭ്യമാക്കി. ആകെ പരിഗണിച്ച 29 ഫയലുകളിൽ 25 എണ്ണം തീർപ്പാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *