കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദ് കടുത്ത ലൈംഗിക വൈകൃതത്തിനടിമയെന്നു പോലീസ്.
കൈയും കാലും ഭാഗികമായി ഇല്ലാത്ത 75കാരിയെയാണ് ക്രൂരമായി ആക്രമിച്ചു ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയായത്. വയോധിക നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്കെതിരെ മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
സമീപത്തെ സി.സി.ടിവിയില്‍ നിന്ന് വൃദ്ധയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നതും പിടികൂടുന്നതും. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. വൃദ്ധയുടെ അടുത്തെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
ഉറക്കമുണര്‍ന്ന വൃദ്ധ എണീക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പലവട്ടം തലയ്ക്കടിച്ച് വീഴ്ത്തി. അവശയായി ബോധം പോയ വൃദ്ധയെ ഇയാള്‍ എടുത്തു കൊണ്ടുപോകുകയായിരുന്നു.അടുത്ത ദിവസം രാവിലെ ഒന്നര കിലോ മീറ്ററോളം അകലെ സിത്താര ജംഗ്ഷന് സമീപം വിജനമായ സ്ഥലത്ത് അര്‍ദ്ധ നഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ച് ഇവരെ കണ്ടെത്തുകയായിരുന്നു.
പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്. തുടര്‍ന്ന് ഇവരെ കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു.