തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണർക്കെതിരേ സുപ്രീംകോടതിയിൽ പോവാൻ സർക്കാർ ഒരുങ്ങവേ, റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശയിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകൾ പൂർണമായി കൃഷിവകുപ്പിന്റെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കാനുള്ള റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയാണ് ഗവർണർ അംഗീകരിച്ചത്.
നിലവിൽ കൃഷി, മൃഗസംരക്ഷണം എന്നിവ രണ്ടു വകുപ്പുകളായാണ് പ്രവർത്തിക്കുന്നത്. രണ്ട് മന്ത്രിമാരുമുണ്ട്. കൃഷിമന്ത്രി പി. പ്രസാദും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയും. പക്ഷേ, ഭരണസംവിധാനത്തിന്റെ പ്രാമാണിക രേഖയായ റൂൾസ് ഓഫ് ബിസിനസിൽ മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകൾ കൃഷി വകുപ്പിന് കീഴിലായിരുന്നു.
എന്നാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യ അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണത്തിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാൻ മാർച്ചിൽ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചിട്ടില്ല.

റൂൾസ് ഓഫ് ബിസിനസിലെ 49(2) ചട്ടപ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭയിൽ നിയമനിർമ്മാണം നടത്തും മുൻപ് കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കണം. കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് ബില്ല് കൊണ്ടുവരുന്നതെങ്കിൽ കേന്ദ്രസർക്കാരുമായി നിർബന്ധമായും ആശയവിനിമയം നടത്തിയിരിക്കണം. 

ഇത്തരം നിയമഭേദഗതികൾ സംസ്ഥാനത്തിന് മാത്രം ബാധകമാണെങ്കിലും കേന്ദ്രത്തിലെ വകുപ്പിന്റെ വിദഗ്ദ്ധാഭിപ്രായം തേടിയിരിക്കണം. ഇത്തരം വിഷയങ്ങളിൽ സംസ്ഥാനത്തെ നിയമനിർമ്മാണം കൊണ്ട് കേന്ദ്രനിയമത്തിൽ വെള്ളംചേർക്കാനാവില്ല.
ഈ വ്യവസ്ഥയടങ്ങിയ 49(2) ചട്ടം പൂർണമായി ഒഴിവാക്കാനാണ് ഭേദഗതി. ഇതോടെ, വിദ്യാഭ്യാസം അടക്കം കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട വിഷയങ്ങളിൽ ഏത് ബില്ലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാരിന് കഴിയും. 
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാലാ നിയമഭേദഗതി ബിൽ, കേന്ദ്രവുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ മാറ്റിവച്ചിരിക്കുകയാണ്. 

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണെന്നും ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം, നിലവാരം നിശ്ചയിക്കൽ എന്നിവ പാർലമെന്റിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള യൂണിയൻ ലിസ്റ്റിലാണെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭ നിയമനിർമ്മാണം നടത്തിയാലും ഭരണഘടനയുടെ അനുച്ഛേദം-200 പ്രകാരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ബിൽ അയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടാവും. കേരളത്തിൽ ഗവർണർമാർ സ്വമേധയാ ബില്ല് രാഷ്ട്രപതിക്കയച്ച ചരിത്രമില്ല. 
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത ബില്ലുകൾ മാത്രമേ ഇതുവരെ ഗവർണർമാർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളൂ. കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് രാഷ്ട്രപതിയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് നിയമവകുപ്പ് ബില്ലിനൊപ്പം ശുപാർശ നൽകുകയാണ് പതിവ്. അത്തരമൊരു ശുപാർശ ഇനി നൽകില്ല.
നിയമനിർമ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വൻതോതിലായതോടെ, അതീവഗൗരവ വിഷയങ്ങളിലല്ലാതെ മുൻകൂർ കേന്ദ്രാനുമതി തേടേണ്ടതില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം 2010ൽ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. 
13 വർഷത്തിനു ശേഷം ഈ കത്ത് തപ്പിയെടുത്താണ് റൂൾസ് ഒഫ് ബിസിനസ് ഭേദഗതിക്ക് ആധാരമാക്കിയത്. ഇതിന് സാധുതയില്ലെന്നാണ് ഗവർണറുടെ വിലയിരുത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *