കൊച്ചി: നെഗറ്റിവ് റിവ്യൂ നല്‍കി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസില്‍ അഞ്ച് യൂട്യൂബ് ചാനല്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. സ്നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്, അരുണ്‍ തരംഗ, ട്രാവലിങ് സോള്‍ മേറ്റ്സ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ സെല്‍ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം.
സിനിമ മോശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ഇട്ടതിന്റെ പേരില്‍ ആദ്യ കേസ് ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമയ്ക്ക് മോശം റിവ്യൂ നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംവിധായകന്‍ പരാതി നല്‍കിയത്.
സിനിമ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ആദ്യമുണ്ടായി. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലുണ്ടായി. ഏതെങ്കിലും തരത്തില്‍ നെഗറ്റീവ് റിവ്യൂ നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കാനാണ് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചത്.നേരത്തെ റിലീസിങ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. നിരൂപണം നടത്തുന്നതില്‍ പ്രോട്ടോക്കോള്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി പ്രോട്ടോക്കോള്‍ തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.