തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ഫണ്ട് തിരിമറി നടന്നതായുളള ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര.
എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള നടന്നു. മെഡിക്കൽ കോളേജ് സുപ്രണ്ടും, എംപ്ലോയീസ് സഹകരണ സംഘവും ചേർന്നായിരുന്നു ഈ കൊള്ള. ഉപ്പുതൊട്ട് കർപ്പൂരം വരെ കൊള്ള നടത്തിയെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിന് എട്ടു കോടി രൂപ നൽകി. 3700 മരണങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് കാലത്തുണ്ടായത്.
അന്ന് കെഡാവർ ബാഗുകൾ ഉപയോഗിച്ചാണ് ശാസ്ത്രീയമായി മൃതദേഹങ്ങൾ സംസ്കരിച്ചത്. ബാഗ് വാങ്ങുന്നതിന് 409 രൂപ ഏറ്റവും കുറഞ്ഞ ഇ ടെൻഡർ ലഭിച്ചു. 700 ബാഗുകൾ മാത്രം ആവശ്യമുള്ളപ്പോൾ 3,1,22,272 മുടക്കി ബാഗുകൾ വാങ്ങിയോ എന്നും അനിൽ അക്കര ചോദിച്ചു.
കെഡാവർ ബാഗ് വാങ്ങിയതിൽ വരെ തൃശൂർ മെഡിക്കൽ കോളേജിൽ അഴിമതി നടന്നു. രണ്ടുകോടി ചെലവാക്കേണ്ട സ്ഥാനത്ത് ചെലവാക്കിയത് എട്ടു കോടിയാണ്. രോഗികൾക്ക് ഭക്ഷണം എത്തിച്ചതിൽ വരെ വൻ അഴിമതി നടന്നു.
മൃതദേഹം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘടനയായി സിപിഐഎമ്മിന്റെ എൻജിഒ യൂണിയൻ അംഗങ്ങൾ മാറിയെന്നും അനിൽ അക്കര ആരോപിച്ചു.