ശ്രീനഗർ: ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ സൈന്യം. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തത്.
അന്താരാഷ്ട്ര അതിർത്തിയായ ജമ്മു കാഷ്മീരിലെ അർണിയയിലാണ് സംഭവം. ഇന്ന് രാത്രി എട്ടോടെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവന്മാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിർത്തിയിൽ വെടിവയ്പ് തുടരുന്നതായാണ് റിപ്പോർട്ട്.