തിരുവനന്തപുരം: പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്ന് ആക്കി മാറ്റാൻ എൻസിഇആർടി ശുപാർശ നൽകിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ് എൻസിഇആർടിയുടെ നീക്കം.
ഭാരതം എന്ന് ഉപയോഗിച്ചാല്‍ മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയമാണ്. എന്‍സിഇ ആര്‍ടിയുടെ ശുപാര്‍ശയെ കേരളം തുടക്കത്തിലെ തളളിയതാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉയര്‍ത്തിപിടിച്ചും യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുക. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 33 കോടി സ്‌കൂൾ പ്രായമുള്ള കുട്ടികൾ ഉണ്ട് എന്നതാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 25 കോടി കുട്ടികൾ മാത്രമാണ് സ്‌കൂളുകളിൽ എത്തുന്നത്. ബാക്കി 8 കോടി കുട്ടികൾ വിവിധ കാരണങ്ങളാൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ പുറത്താണ്.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിയുമ്പോഴാണ് നാം ഈ കണക്ക് പറയുന്നത് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസം മുന്നോട്ടു പോകുക എന്നത് ശ്രദ്ധേയമായ ചോദ്യമാണെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ നിന്നും ഒളിച്ചോടി പുകമറ സൃഷ്ടിക്കാനുള്ള ഏത് പ്രവർത്തനത്തെയും തുറന്നു കാണിക്കാനുള്ള ബാദ്ധ്യത ഒരു പുരോഗമന സമൂഹം എന്ന നിലയിൽ കേരളത്തിനുണ്ട്.
ദേശീയ തലത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ പേരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. പാഠപുസ്തകങ്ങളെ മുഴുവനായും കാവി പുതപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *