തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകളടക്കം നടക്കുന്നതായി കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ രക്ഷാധികാരി സ്ഥാനത്തുനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിവായി. ഇതേത്തുടർന്ന് ഗവർണറും ശിശുക്ഷേമ സമിതിയുമായി രൂക്ഷമായ വാക്പോരിലാണ്. സമിതിക്കെതിരേ അന്വേഷണം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടപ്പോൾ സഹായിക്കുന്ന വ്യക്തികളെയും സന്നദ്ധസംഘടനകളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ശിശുദ്രോഹമാണെന്ന് ശിശുക്ഷേമസമിതി തിരിച്ചടിച്ചു.
ശിശുക്ഷേമ സമിതിയിലെ പദവിയൊഴിഞ്ഞ ശേഷവും സമിതിയുടെ വെബ്സൈറ്റിൽ താനാണ് രക്ഷാധികാരിയെന്ന് വിവരമുള്ളത് ഉടനടി നീക്കം ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് ഗവർണർ നിർദ്ദേശം നൽകി. ഇതോടെ സമിതിയുടെ വെബ്സൈറ്റിൽ നിന്ന് ഗവർണറുടെ ചിത്രം ഒഴിവാക്കി.
മുഖ്യമന്ത്രി പിണറായി വിജയനാണ് എക്സിക്യുട്ടീവ് കമ്മിറ്റി പ്രസിഡന്റ്. മന്ത്രി വീണാ ജോർജ്ജ് വൈസ് പ്രസിഡന്റും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയമാണ് സമിതിയുടെ രക്ഷാധികാരി സ്ഥാനമൊഴിയാൻ ഗവർണർക്ക് ശുപാർശ നൽകിയത്. ഇതോടെ സമിതിയുടെ രക്ഷാധികാരി സ്ഥാനം 2 മാസം മുൻപ് ഗവർണർ ഒഴിഞ്ഞു. എന്നിട്ടും തന്റെ ചിത്രവും വിവരങ്ങളും രക്ഷാധികാരിയെന്ന പേരിൽ വെബ്സൈറ്റിലുൾപ്പെടുത്തിയതാണ് ഗവർണറെ ചൊടിപ്പിച്ചത്.
രൂക്ഷമായ ഭാഷയിലെ കത്ത് ലഭിച്ചതിനു പിന്നാലെ ഗവർണറുടെ ചിത്രവും വിവരങ്ങളും ഒഴിവാക്കുകയായിരുന്നു. ഉടനടി നടപടിയെടുക്കണമെന്ന കർശന നിർദ്ദേശത്തോടെയാണ് ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിനെതിരെ സിബിഐ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാധികാരി പദവിയിൽ നിന്നൊഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പറഞ്ഞു.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റേയും ഗവർണറുടേയും കത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് രണ്ടിനുചേർന്ന സ്റ്റാന്റിംഗ് കമ്മിറ്റിയും സമിതി പ്രസിഡന്റ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റിയും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറുമായുള്ള അഫിലിയേഷൻ ഉൾപ്പെടെയുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ തീരുമാനിച്ചു.
സ്ഥാപനം മുഖേന ലഭിച്ച ഫണ്ടുകൾ തിരിച്ചേൽപ്പിച്ചു. ഗവർണറുടെ അഭ്യർത്ഥന കണക്കിലെടുത്ത് സമിതി വെബ്‌സൈറ്റിൽ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ ശിശുക്ഷേമ സമിതിയുമായി ഒരു ബന്ധവുമില്ലാത്ത സ്ഥാപനം നടത്തിയ ക്രമക്കേടുകൾ സമിതിയുടെ പേരിൽ ആരോപിക്കുകയാണ്.
ശിശുക്ഷേമസമിതി വരവ് ചെലവു കണക്കുകൾ നിയമാവലി പ്രകാരം ഓഡിറ്റു ചെയ്ത് സർക്കാർ പ്രതിനിധികൾ അടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറൽ ബോഡിയും അംഗീകരിച്ചു വരുന്നവയാണെന്നാണ് സമിതിയുടെ വിശദീകരണം.