ദോഹ: ഖത്തറിൽ തടവിലായ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഇന്ത്യയിലെ മുൻ നാവികസേന ഉദ്യോഗസ്ഥരായ മലയാളി അടക്കം എട്ടു പേർക്കാണ് ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവരെ ഖത്തർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്.
അൽദഹറ എന്ന കന്പനിയിൽ ജോലി ചെയ്യാനായാണ് ഉദ്യോഗസ്ഥർ ഖത്തറിലെത്തിയത്. ഖത്തർ നാവികസേനയ്ക്ക് പരിശീലനവും ഒപ്പം അനുബന്ധ ഉപകരണങ്ങളും നൽകുന്ന കന്പനിയാണ് അൽദഹറ.
ഇന്ത്യയുടെ യുദ്ധക്കപ്പൽ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവർ. എട്ടുപേരും ചാരപ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തർ അധികൃതർ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.
വിചാരണ രഹസ്യമായി നടന്നതിനാൽ ഇന്ത്യയ്ക്ക് ഇടപെടാൻ കഴിഞ്ഞിരുന്നില്ല. 60 വയസിന് മുകളിലുള്ളവരാണ് എട്ടുപേരുമെന്നാണ് പ്രാഥമികവിവരം. ഒരു വർഷത്തെ തടവിനുശേഷമുള്ള വിചാരണനടപടികൾക്ക് ശേഷമാണ് ഇവർക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരിക്കുന്നത്.
അതേസമയം ഞെട്ടിപ്പിക്കുന്ന നടപടിയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.