ബാംഗ്ലൂര്‍: കര്‍ണാടകയാണ് പ്രവര്‍ത്തന കേന്ദ്രമെങ്കിലും കോണ്‍ഗ്രസിന്‍റെ ദേശീയ രാഷ്ട്രീയ നിരയിലേയ്ക്ക് മലയാളികളിലൊരാള്‍കൂടി എത്തിയിരിക്കുകയാണ് – ഡികെ ബ്രിജേഷ്.
തലശ്ശേരി സ്വദേശിയായ ബ്രിജേഷ് ബിസിനസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ ബിടിഎം ലേഔട്ടിലാണ് താമസം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ ഡികെ ബ്രിജേഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയിലാണ് നേതൃതലത്തില്‍ സജീവമാകുന്നത്. അങ്ങനെയാണ് 2014 -ല്‍ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ അംഗമാകുന്നത്.
പിന്നീട് കോണ്‍ഗ്രസ് ബാംഗ്ലൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മൈനോറിറ്റി വിഭാഗം സംസ്ഥാന വൈസ് ചെയര്‍മാനും ദേശീയ കോ-ഓര്‍ഡിനേറ്ററുമായി കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക ശക്തിയായി മാറി.
ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ചുമതലയിലിരിക്കെയാണ് കേരളത്തിന്‍റെ ചാര്‍ജ് ലഭിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐസിസിയുടെ ഇലക്ഷന്‍ വാര്‍ റൂം കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലും കൂടുതല്‍ സ്വാധീനമായി.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുലിയായ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്‍റെ പേരിനൊപ്പമുള്ള ആദ്യ അക്ഷരങ്ങളാണ് ഡികെ ബ്രിജേഷിനെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. ശിവകുമാറുമായുള്ള അടുത്ത സൗഹൃദവും ബ്രിജേഷിന് തുണയായിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരിക്കെ കെഎസ്‌യു രൂപീകരിക്കപ്പെട്ടപ്പോള്‍ സ്ഥാപക നേതാവായി മാറിയ അഡ്വ. കെഡി ദേവസ്യ കൈതയ്ക്കലിന്‍റെ മകനെന്ന നിലയിലാണ് ബ്രിജേഷിന്‍റെ കോണ്‍ഗ്രസ് പ്രവേശനം. ഉമ്മന്‍ ചാണ്ടിയ്ക്കും ആന്‍റണിക്കുമൊപ്പം പ്രവര്‍ത്തിച്ച കെഡി ദേവസ്യയുടെ മകനെന്ന ലേബല്‍ കേരള നേതാക്കള്‍ക്കിടയിലും ബ്രിജേഷിന് സ്വീകാര്യത നല്‍കി.
കേരളത്തിന്‍റെ ചുമതല ബ്രിജേഷിന് നല്‍കുന്നതും അതിനാലാണ്. തമിഴ്‌നാട് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ റിട്ടേണിംങ്ങ് ഓഫീസറായിരുന്ന ബ്രിജേഷിന് ദക്ഷിണേന്ത്യയിലെ പ്രധാന കോണ്‍ഗ്രസ് ദൗത്യങ്ങളിലെല്ലാം ചുമതല ലഭിക്കാറുണ്ട്.