തിരുവനന്തപുരം: ഹിന്ദുവത്കരണം അടിച്ചേൽപ്പിക്കുന്ന പാഠ്യ പദ്ധതിയിലെ പരിഷ്ക്കാരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസിലും കടത്തിവിട്ട് അവരെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേൽപ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്ക്കാരങ്ങളെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി തുറന്നടിച്ചു.
ശാന്തിനികേതനിൽ നിന്ന് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരു വെട്ടിമാറ്റി അവിടെ മോദിയുടെ പേർ എഴുതിവച്ച അല്പന്മാരാണ് പാഠ്യപദ്ധതി പരിഷ്കാരങ്ങളുടെ പിന്നിലെന്ന് സുധാകരൻ പറഞ്ഞു.
ഭാരതം, ഇന്ത്യ എന്നീ പ്രയോഗങ്ങൾ യഥോചിതം ദേശീയതയുടെ ഭാഗമായി പ്രയോഗിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള വിവേകം സംഘപരിവാരങ്ങൾക്ക് ഇല്ലാതെ പോയെന്നും സുധാകരൻ പറഞ്ഞു.