കാക്കനാട്: ഷവര്‍മ കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട്  രാഹുല്‍ ഡി. നായരാണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. 
 18നാണ് കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍ നിന്ന്  രാഹുല്‍ ഓണ്‍ലൈനായി വാങ്ങി ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 22ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഹോട്ടല്‍ പൂട്ടിച്ചു.
പിന്നീട് ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിലെത്തി സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതിനിടെ യുവാവിന്റെ ബന്ധുക്കള്‍ ഹോട്ടലിനെതിരെ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത പോലീസ് ഹോട്ടലുടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. 
യുവാവിന് വിഷബാധയുണ്ടായിട്ടുണ്ടോയെന്നും ഷവര്‍മ വഴിയാണോ സംഭവിച്ചതെന്നും പരിശോധനാ ഫലം വന്നശേഷം മാത്രമേ വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലായി ഹൃദയാഘാതവുമുണ്ടായി. 
കെ.എസ്.ഇ.ബി. റിട്ട. ഓവര്‍സിയറും കെ.ടി.യു.സി(എം) പാലാ ടൗണ്‍ മണ്ഡലം സെക്രട്ടറിയുമായ കെ.കെ. ദിവാകരന്‍ നായരുടെയും എം.പി. സില്‍വിയുടെയും മകനാണ്  രാഹുല്‍. സഹോദരങ്ങള്‍ കാര്‍ത്തിക്, ഭവ്യ. സംസ്‌കാരം പിന്നീട്. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *