കൊച്ചി: നടന്‍ വിനായകന്‍ കൊച്ചി പോലീസ് സ്റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിനായകനെതിരെ  പോലീസ് കേസടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ പോലീസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ തള്ളി കൊച്ചി ഡി.സി.പി. എസ്. ശശിധരന്‍. വിനായകനെതിരെ നടപടിയെടുത്തെന്നും വീഡിയോ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ വിനായകനെതിരെ ചുമത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 
”കെ.പി. ആക്ടിലെ 118 എ, 117 ഇ എന്നീ വകുപ്പുകള്‍ പ്രകാരം വിനായകനെതിരെ കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിനും പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. പോലീസിനെ ആക്രമിച്ചിട്ടില്ലാത്തതിനാലാണ് ജാമ്യം ലഭിക്കാത്ത വകുപ്പ് ഉള്‍പ്പെടുത്താതിരുന്നത്.
 വിനായകന്‍ അസഭ്യം പറഞ്ഞോയെന്ന് വീഡിയോ പരിശോധിക്കും. തെറി പറഞ്ഞിട്ടുണ്ടാകില്ല. അതുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരം കേസെടുത്തിട്ടില്ല. ഇക്കാര്യം അറിയാന്‍ വീഡിയോ വിശദമായി പരിശോധിക്കും. ശേഷം ആവശ്യമെന്ന് തോന്നിയാല്‍ അസഭ്യം പറഞ്ഞതിനും കേസെടുക്കും.
ഒരു വീഴ്ചയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിനായകന്റെ കേസ് വ്യക്തിപരമായ വിഷയമാണ്. അതിലേക്ക് കടക്കുന്നില്ല. ഇഷ്യു ഉണ്ടാകുമ്പോള്‍ പോലീസ് ഇടപെടും. അങ്ങനെയാണ് സംഭവിച്ചത്. വിനായകനെതിരെ ഭാര്യയുടെ പരാതിയുണ്ടോയെന്ന് പരിശോധിച്ചിട്ട് പറയാം.
വിനായകന്‍ മദ്യപിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ചില കുഴപ്പങ്ങളുണ്ടാക്കും. മുമ്പും സ്റ്റേഷനില്‍ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. വിനായകന്റെ വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിച്ചിട്ടില്ല. രക്ത സാംപിള്‍ എടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്. അക്കാര്യം പരിശോധിക്കും..” -ഡി.സി.പി. പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *