കൊച്ചി: നടന്‍ വിനായകന്‍ എറണാകുളത്ത് പോലീസ് സ്റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവത്തില്‍ പോലീസ് കേസടുക്കുകയും വിനായകനെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. വൈറലായ വീഡിയോയില്‍ പോലീസുകാരാണ് കുറ്റക്കാരെന്ന് ചൂണ്ടികാണിച്ച് ജംഷിദ് പള്ളിപ്രം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.
” മഫ്ത്തിയില്‍ വന്ന പോലീസുകാരിയോട് ഐ.ഡി. ചോദിച്ചതാണ് പ്രശ്‌നം. വിനായകന്റെ ചോദ്യത്തെ പോലീസ് നേരിടുന്ന രീതിയും പോലീസിന്റെ അലര്‍ച്ചയും കയ്യേറ്റ ശ്രമവും വീഡിയോയില്‍ വ്യക്തമായി കാണാം. വിനായകന്റെ ജാതിയാണോ പ്രശ്‌നമെന്ന് ചോദിച്ച് ചിലരൊക്കെ പരിഹാസവുമായി വരുന്നുണ്ട്. വിനായകന്റെ ജാതി തന്നെയാണ് നിങ്ങള്‍ക്ക് പ്രശ്‌നം.
പരാതിയുമായി സ്റ്റേഷനിലേക്ക് വരുന്ന മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ ജയറാമിനെയോ നിങ്ങള്‍ ഇങ്ങനെയല്ല സ്വീകരിക്കുക എന്ന് ഞങ്ങള്‍ക്കറിയാം. പീഡന പരാതിയില്‍ സ്റ്റേഷനിലേക്ക് വന്ന ഷിയാസ് കരീമിനെ വരെ പോലീസുകാര്‍ ആനയിച്ചിരുത്തി. സൗത്ത് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു നടനോട് ഉച്ചത്തില്‍ വളരെ പുച്ഛത്തോടെ നീ ആരാടാ എന്ന് പോലീസ് ചോദിക്കുന്നുണ്ടെങ്കില്‍ പോലീസിന്റെ ആ അലര്‍ച്ച വിനായകന്മാരോട് മാത്രം ഉയരുന്നതാണ്..”- ജംഷിദ് പറയുന്നു.