പപ്പടം വാങ്ങാന്‍ പോയ മല്‍ബു വലിയൊരു സഞ്ചി നിറയെ സാധനങ്ങളുമായി വന്നത് മല്‍ബിയെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം ഉന്തി ഉന്തി ഇറക്കിയാതായിരുന്നു.രാത്രി ആരംഭിച്ച കഠിന ശ്രമങ്ങളുടെ ഫലമായാണ് രാവിലെ ഇറക്കി വിടാന്‍ സാധിച്ചത്.
മൊബൈലെടുത്ത് കുറേ നേരം കുത്തി നോക്കിയതായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയതു മുതല്‍ ഇതാണവസ്ഥ. ഒടുക്കം പപ്പടമില്ലാഞ്ഞിട്ട് ചോറ് പോകാതിരിക്കണ്ട എന്നു പറഞ്ഞാണ് പുറത്തേക്കിറങ്ങിയത്.
പപ്പടം ഓണ്‍ലൈനില്‍ ഇല്ലാതിരിക്കുമോ? മല്‍ബി ആലോചിച്ചു. കാണാഞ്ഞിട്ടായിരിക്കും.
ഈയടുത്തായി മല്‍ബു എല്ലാം ഓണ്‍ലൈന്‍ പര്‍ച്ചേസാക്കി മാറ്റിയിരിക്കയാണ്. ബഖാലയിലും സൂപ്പര്‍മാര്‍ക്കറ്റിലും പോയ കാലം മറന്നു. ട്രോളിയെടുത്ത് സാധനങ്ങള്‍ ഇങ്ങനെ പെറുക്കി പെറുക്കിയിടാന്‍ മല്‍ബിക്ക് കൊതിയാകുന്നുണ്ട്.
ഡെലിവറിക്കാര്‍ സാധനങ്ങളുമായി ഫഌറ്റിന്റെ താഴെ എത്തിയാലും അവരെ മൂന്നാമത്തെ നിലയിലേക്ക് കയറ്റും. താഴേക്കു വാ, മുകളിലേക്ക് വരാന്‍ കഴിയില്ലെന്നു പറഞ്ഞാല്‍ ഡെലിവറിക്കാരന്‍ കുടുങ്ങി. കസ്റ്റമര്‍ കെയറില്‍ വിളിച്ച് മല്‍ബു യുദ്ധം തുടങ്ങും. ഒടുവില്‍ ഡെലിവറിക്കാരന്‍ വന്ന് ക്ഷമ ചോദിക്കും.
ഇതൊക്കെ കണ്ട് നിങ്ങളൊരു സംഭവം തന്നെ എന്നു മല്‍ബി പറയുമ്പോള്‍ മല്‍ബു പറയും.. കസ്റ്റമര്‍ ഈസ് ദ കിംഗ്.
ഇതെന്തു പറ്റി? പപ്പടത്തിനു പോയി കട മുഴുവന്‍ കൊണ്ടു വന്നിട്ടുണ്ടല്ലോ?
സാമ്പാര്‍ പൊടിയും സാമ്പാര്‍ കഷ്ണങ്ങളും ഉണക്കമീനുമൊക്കെ… സാധനങ്ങള്‍ എടുത്തുവെക്കുമ്പോള്‍ മല്‍ബി തിരക്കി.
കച്ചവടം ചെയ്യാന്‍ അറിയുന്നവര്‍ കടയിലുണ്ടായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും. പപ്പടത്തിനു മാത്രമാണ് ചോദിച്ചത്. ബാക്കി എല്ലാം അവന്റെ തീരുമാനമായിരുന്നു. ഓരോ സാധനവും വേണ്ടേ, വേണ്ടേയെന്ന് പേരെടുത്ത് ചോദിച്ചു. ഞാന്‍ മൂളുക മാത്രം ചെയ്തു. മായാജാലം പോലെയാണ് സഞ്ചി നിറഞ്ഞത്.
എല്ലാം ആവശ്യമായ സാധനങ്ങള്‍ തന്നെ. ഒന്നും അധികമില്ല..മല്‍ബി പറഞ്ഞു.
എന്നാലും ക്യാഷ് ബാക്ക് നഷ്ടം തന്നെയാണ്, നിരാശ പ്രകടിപ്പിച്ച് മല്‍ബു.
ഉസ്താദ് യുട്യൂബ് പ്രസംഗത്തില്‍ പറഞ്ഞതുപോലെ തന്റെ ഭര്‍ത്താവ് ക്രെഡിറ്റ് കാര്‍ഡിന് അടിമയായിരിക്കുന്നുവെന്ന് മല്‍ബി തിരിച്ചറിഞ്ഞിട്ട് കുറച്ചായി.
ആവശ്യമില്ലാത്ത സാധനങ്ങള്‍ എന്തിനാണ് ഇങ്ങനെ ഓര്‍ഡര്‍ ചെയ്തു വരുത്തുന്നതെന്ന് ചോദിച്ചാല്‍ മല്‍ബുവിന് അത് ഇഷ്ടമാവില്ല. ക്യാഷ് ബാക്ക് ഉണ്ടെടോ എന്നായിരിക്കും മറുപടി.
ഒന്നോ രണ്ടോ ശതമാനം ക്യാഷ് ബാക്കാണോ വിലയ കാര്യമെന്ന് ചോദിച്ചാല്‍ നിനക്കൊരു കുന്തവും അറിയില്ല, മിണ്ടാണ്ടിരുന്നോ എന്നാകും മറുപടി.
അതും ഇതും വാങ്ങി ഭര്‍ത്താവിനെ കടക്കെണിയിലേക്ക് തള്ളിവിടുന്ന പെണ്ണേ എന്ന ഉസ്താദിന്റെ യുട്യൂബിലെ നിലവിളി ഓര്‍മ വരുമ്പോള്‍ മല്‍ബി പിന്നെയും ഉണര്‍ത്തും. പക്ഷേ, വില പകുതിയായും തവണകളായും നല്‍കാമെന്ന സൗകര്യം കൂടി ആയപ്പോള്‍ മല്‍ബുവിന്റെ പേഴ്‌സില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കൂടി.
ഇതൊക്കെ മാസാമാസം അടക്കണ്ടേ എന്ന ചോദ്യത്തിന് അതിനല്ലേ റോളിംഗ് എന്നാണ് മറുപടി.
വിസിറ്റ് വിസയിലും ഉംറ വിസയിലും ധാരാളം ഫാമിലികള്‍ വന്നിട്ടും കച്ചവടമില്ല എന്നാണല്ലോ നിന്റെ നാട്ടുകാരന്‍ പറയുന്നത്.
കടക്കാരന്‍ നാട്ടുകാരന്‍ മാത്രമല്ല, മല്‍ബിയുടെ അയല്‍വാസി കൂടിയാണ്.
അതു ശരിയായിരിക്കും. ഫ് ളാറ്റ് വാടക കൂട്ടിക്കൊണ്ടിരിക്കല്ലേ.. പിന്നെങ്ങനെ സാധനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ കൈയില്‍ കാശുണ്ടാകും. ഇന്‍ഫ്‌ളേഷന്‍ കുറയുകയാണെന്ന് പറയുന്നത് കേള്‍ക്കുന്നില്ലേ..
നീയാരാ സാമ്പത്തിക വിദഗ്ധയോ..
ഇതറിയാന്‍ വിദഗ്ധയൊന്നും ആകേണ്ട. ആളുകള്‍ ഉള്ളിയും പരിപ്പും വാങ്ങുന്നില്ലെങ്കില്‍ ഇന്‍ ഫ്‌ളേഷന്‍ കുറയും. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചങ്ങാതിമാര്‍ക്ക് സിനിമാ ടിക്കറ്റ് എടുത്തു കൊടുത്താല്‍ വിനോദത്തില്‍  പണപ്പെരുപ്പം കൂടുകയും ചെയ്യും.
മല്‍ബി ക്ലാസെടുത്തു കൊണ്ടിരിക്കെ കൂട്ടുകാരിയുടെ ഫോണ്‍..
ചെറിയുള്ളിക്ക് ഭാഗ്യമില്ല കേട്ടോ..
എന്തേ എന്തുപറ്റി. കൊണ്ടുവന്നില്ലേ?
നിന്റെ ഉള്ളിയും എന്റെ പരിപ്പുമൊക്കെ കൂട്ടാന്‍ ഏതോ ഫാമിലിക്കാണ് വിധി.
എന്തു സംഭവിച്ചു?
സാധാരണ കൊണ്ടുവരുന്നതുപോലെ 23 ന്റെ രണ്ട് പെട്ടികള്‍ കെട്ടിയിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അവരു പറയുന്നു ഒരു ബാഗേജ് മാത്രം. 23 ന്റെ ഒന്ന്. ടിക്കറ്റില്‍ ഉണ്ടായിരുന്നു. അതു നോക്കാത്തതു കൊണ്ടാ പറ്റിയത്.
ഒരു കിലോ പോലും അധികം വിടില്ലെന്ന് കൗണ്ടര്‍ സ്റ്റാഫ് തറപ്പിച്ചു പറഞ്ഞപ്പോള്‍, പെട്ടി അങ്ങനെ തന്നെ അവിടെ ബന്ധുക്കളെ യാത്രയാക്കാന്‍ എത്തിയ ഒരു ഫാമിലിക്ക് കൊടുത്തു.
എന്താ അതിലുണ്ടായിരുന്നത്?
നിനക്കുള്ള ഉള്ളിയും എന്റെ ബസ്മതി അരിയും.
കൂട്ടുകാരി ഫോണ്‍ വെച്ചപ്പോള്‍ മല്‍ബി പറഞ്ഞു. നാട്ടില്‍നിന്ന് 20 കിലോ അരി കൊണ്ടുവന്നാല്‍ പിന്നെ എങ്ങനെ നാട്ടുകാരന് കച്ചവടമുണ്ടാകും. ഇതും മറ്റൊരു ഇക്കണോമിക്‌സ്.
ഒരിക്കലൊരു മലബാരിയെ സൗദി മുതലാളി സ്‌നേഹത്തോടെ വിളിച്ചു..
മല്‍ബൂ..
അന്നുമുതല്‍ മല്‍ബു കഥകളുണ്ടായി. പ്രവാസികളുടെ അനുഭവങ്ങളും അമളികളും രണ്ട് പുസ്തകങ്ങളില്‍ കയറി.. കഥകള്‍  തുടരുന്നു.
 
2023 October 25Articlesmalbu storyonion and economicsമല്‍ബു കഥ/ എം.അഷ്‌റഫ്title_en: malbu story economics with malbi

By admin

Leave a Reply

Your email address will not be published. Required fields are marked *