മസ്‌കറ്റ്: ഗാസയിൽ നടക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ യു എൻ രക്ഷാസമിതി സംയുക്ത പ്രമേയം പാസ്സാക്കണമെന്ന് ജിസിസി മന്ത്രിമാർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്രസീലിന്റെ പ്രതിനിധിക്കാണ് ജിസിസി വിദേശകാര്യ മന്ത്രിമാർ സംയുക്തമായി സന്ദേശം അയച്ചത്.
ജിസിസി മന്ത്രിതല സമിതിയുടെ നിലവിലെ ചെയർമാനും വിദേശകാര്യമന്ത്രിയുമായ സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യാണ് ജിസിസി വിദേശകാര്യ മന്ത്രിമാരെ പ്രതിനിധീകരിച്ച് യുഎന്നിലെ ബ്രസീൽ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധിയും സുരക്ഷാ കൗൺസിൽ പ്രസിഡന്റുമായ സെർജിയോ ഫ്രാങ്ക ഡാനെസിന് ഞായറാഴ്ച ഔദ്യോഗിക കത്ത് അയച്ചത്. വിഷയത്തിൽ സംയുക്ത പ്രമേയം പാസ്സാക്കാൻ കഴിയാത്തതിൽ യു എൻ രക്ഷാസമിതിയെ ജിസിസി മന്ത്രിമാർ ഖേദം അറിയിച്ചു.
ഗാസയിൽ നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുന്നതിനായി യു എൻ രക്ഷാ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ജിസിസി രാഷ്ട്രങ്ങൾ പൂർണ സജ്ജരാണെന്നും സന്ദേശത്തിൽ പറയുന്നു.