ആലക്കോട്: ആലക്കോട് പഞ്ചായത്തിനെ പാറമടകളുടെ പറുദീസ ആക്കുകയാണെന്നും ജനങ്ങളുടെ ജീവിക്കാനുള്ള ഈ പോരാട്ടത്തെ ഭരണാധികാരികൾ കണ്ണ് തുറന്ന് കാണണമെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം പറഞ്ഞു.
അനിയന്ത്രിത ക്വാറികൾക്കെതിരെ ആനക്കയം, പെരുംങ്കൊഴുപ്പ്, തലയനാട്, അഞ്ചിരി, ഇഞ്ചിയാനി, പാലപ്പിള്ളി, ചിലവ്, ആലക്കോട് എന്നിവിടങ്ങളിലെ ജനങ്ങൾ സേവ് ആലക്കോട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിൽ നടക്കുന്ന യുദ്ധത്തിന് സമാനമായ പരിണിത ഫലങ്ങളാണ് ആലക്കോട് സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്ന് മുഖ്യ പ്രഭാക്ഷണം നടത്തിയ പൊതു പ്രവർത്തകനായ മനോജ് കോക്കാട്ട് ചൂണ്ടികാട്ടി.
യോഗത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോസ് മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിനോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് തോമസ് മൈലാടൂർ, മനോജ് വാരികാട്ട്, കറുവച്ചൻ മരങ്ങാട്ട്, സതീഷ് കൊല്ലപ്പിള്ളി, ബിനോയി ചെറുപറമ്പിൽ എന്നിവർ നേതൃത്വം കൊടുത്തു.
ബെന്നി മുട്ടം, പഞ്ചായത്ത് മെമ്പർമാരായ ബേബി മാണിശേരി, ഷാന്റി ബിനോയി, സുലോചന കെ.എ, ടീച്ചറായ ബ്രിജിറ്റ് മാത്യു ആക്കപ്പടിക്കൽ എന്നിവർ പ്രസംഗിച്ചു.