ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ പിന്തുണയുള്ള സംഘടനകളുടെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണ് സഹായം ഉറപ്പാക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ നടപടിയെടുക്കാനും ഉചിതമായി പ്രതികരിക്കാനും പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിരോധ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. എന്നാല്‍ ഈ മേഖലയിലെ ഇത്തരം വെല്ലുവിളികളെ യുഎസ് അഭിസംബോധന ചെയ്യാതിരിക്കില്ല. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും (ഐആര്‍ജിസി) ഇറാന്‍ സര്‍ക്കാരും ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതായി അമേരിക്ക വിശ്വസിക്കുന്നു. കൂടാതെ ഹമാസിനും ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഇറാന്‍ ഈ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ഈ ആക്രമണങ്ങളെ സജീവമായി സുഗമമാക്കി നല്‍കുന്നു. ആക്രമണം നടത്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ഞങ്ങള്‍ക്കറിയാം,” അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 7 ന് പലസ്തീന്‍ ഗ്രൂപ്പായ ഹമാസിലെ തീവ്രവാദികള്‍ തെക്കന്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതോടെയാണ് ഇസ്രായേലില്‍ സംഘര്‍ഷം രൂക്ഷമായത്. അന്ന് മുതല്‍ യുഎസ് സേനയ്‌ക്കെതിരായ ആക്രമണങ്ങളും വര്‍ദ്ധിച്ചു. ‘വരാനിരിക്കുന്ന ദിവസങ്ങളില്‍ ഈ ആക്രമണങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയുണ്ട്,” കിര്‍ബി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, മറ്റ് യുദ്ധക്കപ്പലുകള്‍, ഏകദേശം 2,000 നാവികര്‍ എന്നിവയുള്‍പ്പെടെ ബൈഡന്‍ മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തിയിരുന്നു. ഭക്ഷണവും വെള്ളവും വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ഇസ്രായേലിന്റെ ഗാസയിലെ ചില നടപടികള്‍ പലസ്തീനികളുടെ ജീവിതം തലമുറകളോളം കഠിനമാക്കുമെന്ന് ഒബാമ പറഞ്ഞു.ഇത് മാത്രമല്ല, ഇസ്രായേലിനുള്ള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘യുദ്ധത്തിന്റെ മാനുഷിക വിഷയങ്ങള്‍ അവഗണിക്കുന്ന ഏതൊരു ഇസ്രായേലി സൈനിക തന്ത്രവും വിപരീതഫലമാണ് നല്‍കുക. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിര്‍ത്തലാക്കാനുള്ള ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ തീരുമാനം മാനുഷിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, തലമുറകളോളം പലസ്തീന്‍ ജനതയുടെ സ്ഥിതി കൂടുതല്‍ കഠിനമാക്കുകയും ചെയ്യും. മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇത് ഇസ്രായേലിനുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും.’, ഒബാമ കൂട്ടിച്ചേര്‍ത്തു.