കോഴിക്കോട്: ആഗോള മാരിടൈം ഉച്ചകോടിയിൽ കേരള – യുഎഇ, വിഴിഞ്ഞം – കോവളം – ബേപ്പൂർ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര ഷിപ്പിംഗ് തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനാവാൾ അനുമതി നൽകിയ വിവരം കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എംഡിസിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ ക്രിസ്തുമസ് – നവവത്സര സീസണ് മുൻപായി എത്രയും വേഗം കപ്പൽ സർവീസ് ആരംഭിക്കുക, റീകാർപെറ്റിംഗ് പൂർത്തീകരിച്ച് 24 മണിക്കൂർ സർവീസിന് അനുമതി നൽകിയ കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസ് പുനരാരംഭിക്കുക, തീവണ്ടി യാത്രക്കാരുടെ ദുരിത പരിഹാരത്തിന് റെയിൽവേ ബോർഡിലും എയിംസ് കോഴിക്കോട് തന്നെ ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിലും സമ്മർദ്ദം ചെലുത്തുക, ഒന്നരമാസം കഴിഞ്ഞിട്ടും ബീച്ച് ഫയർ സ്റ്റേഷന് താൽക്കാലിക സ്ഥലം ലഭിക്കാത്തതിനാൽ നഗരപരിധിയിൽ ധാരാളം ജലലഭ്യതയുള്ള എംഡിസി കണ്ടെത്തിയ സ്ഥലം മുഖ്യമന്ത്രിയുടെയും ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലിന്റെയും ശ്രദ്ധയിൽപ്പെടുത്തുക ഉൾപ്പെടെയുള്ള മലബാറിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് മുഖ്യമന്ത്രി, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി എന്നിവരുമായി ചർച്ച ചെയ്യുന്നതിന് വേണ്ടി പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ദുബായ് റീജിയൻ കൺവീനർ സി എ ബ്യൂട്ടി പ്രസാദ്, മധു ജിത്ത് കെ. എന്നിവർ ബന്ധപ്പെട്ടവരുടെ മുൻകൂട്ടി അപ്പോയ്മെന്റ് വാങ്ങി തിരുവനന്തപുരത്ത് പോകുമെന്ന് എംഡിസി പ്രസിഡന്‍റ് ഷെവലിയാർ സി ഇ ചാക്കുണ്ണി അറിയിച്ചു.