റാഞ്ചി: ബൈക്ക് പോത്തിനെ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഝാര്‍ഖണ്ഡില്‍ അക്രമിസംഘം 16കാരനെ അടിച്ചുകൊന്നു. ദുംക ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഫുട്ബോള്‍ മത്സരം കണ്ട് മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്, ബൈക്ക് പോത്തിനെ ഇടിച്ചിട്ടത്.
ഇതിനെ ചൊല്ലി പോത്തിന്‍കൂട്ടത്തെ നിയന്ത്രിച്ചിരുന്ന സംഘം കുട്ടികളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെ അക്രമിസംഘം 16കാരനെ ആക്രമിക്കുകയായിരുന്നു. പോത്തിനെ ഇടിച്ചിട്ടതില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കുട്ടി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ പോലും അക്രമി സംഘം തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. കുട്ടിയെ ആക്രമിക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.