ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവിന് ഹൃദയാഘാതം. മധ്യപ്രദേശിലെ ബിജെപി നേതാവായ ഉമാശങ്കര്‍ ഗുപ്തയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിംഗ് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുന്‍ ആഭ്യന്തരമന്ത്രിയും ഭോപ്പാല്‍ മേയറും മൂന്ന് തവണ ഭോപ്പാല്‍ സൗത്ത് വെസ്റ്റില്‍ നിന്ന് എംഎല്‍എയുമായ ഗുപ്ത ഇതേ സീറ്റില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല.
നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതിന് പിന്നാലെ നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തെ കാണാനെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയമാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അദ്ദേഹം ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗുപ്തയ്ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ബിജെപി ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി നേതാക്കള്‍ സംസ്ഥാനത്ത് ബിജെപി വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.