ഡല്‍ഹി: വിജയദശമി ദിനം സൈനികര്‍ക്കൊപ്പം ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈന അതിര്‍ത്തിക്ക് സമീപം ഇന്ത്യയുടെ തന്ത്രപ്രധാന മേഖലയായ തവാങ്ങില്‍ എത്തിയാണ് രാജ്നാഥ് സിങ് സൈനികര്‍ക്കൊപ്പം വിജയദശമി ആഘോഷിച്ചത്.
തവാങ്ങില്‍ രാജ്നാഥ് സിങ് ആയുധ പൂജയും നടത്തി. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ തവാങ് സന്ദര്‍ശനം.
കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്നാഥ് സിങ്ങിനെ അനുഗമിച്ചു. അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സൈന്യത്തിന്റെ തയ്യാറെടുപ്പുകള്‍ രാജ്നാഥ് സിങ് വിലയിരുത്തി. അചഞ്ചലമായ പ്രതിബദ്ധതയും സമാനതകളില്ലാത്ത ധൈര്യവും പ്രകടിപ്പിച്ച് അതിര്‍ത്തി കാത്ത് സംരക്ഷിക്കുന്ന സൈന്യത്തെ രാജ്നാഥ് സിങ് പ്രകീര്‍ത്തിച്ചു.
സൈനികരുമായി ആശയവിനിമയം നടത്തിയ രാജ്നാഥ് സിങ് നിലവിലെ ആഗോള സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടി. ബം- ലാ പാസും മറ്റു ഫോര്‍വേര്‍ഡ് പോസ്റ്റുകളും സന്ദര്‍ശിച്ച ശേഷമായിരുന്നു സൈനികരുമായുള്ള ആശയവിനിമയം.
ആയുധ പൂജയ്ക്ക് ശേഷം വിജയദശമിയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. തിന്മയ്ക്കെതിരെയുള്ള നന്മയുടെ വിജയമാണ് വിജയദശമിയായി രാജ്യം ആഘോഷിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിരോധ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു.