കൊച്ചി: ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വൻ അഴിമതി നടന്നെന്ന് സതീശൻ ആരോപിച്ചു. സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. അത് അടിവരയിടുന്നതാണ് സിഎജി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളും ജീവഹാനിയും ഉണ്ടാക്കിയേക്കും.
1610 ബാച്ച് മരുന്നുകൾ കാലാവധി കഴിഞ്ഞതാണ് എന്ന് കണ്ടെത്തി. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകൾ 483 ആശുപത്രികൾക്കു നൽകിയതായും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാണിത്. ഒരു വർഷത്തെ 54049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്.14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല.
‘ചാത്തൻ മരുന്ന്’ ആണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആണ് ഇതിന് അനുമതി നൽകിയത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം. കമിഴ്ന്നു വീണാൽ കാൽ പണം കൊണ്ട് പോകുന്ന അവസ്ഥയാണ്. കെഎസ്ആർടിസി പോലെ സപ്ലൈകോയെയും തകർക്കുന്നു. എന്നിട്ട്, മുഖ്യമന്ത്രി കനഗോലു കെപിസിസി യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ചോണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി 6,65000 രൂപയാണ് പ്രതിമാസം സോഷ്യൽ മീഡിയ മാനേജ്മെന്റിന് വേണ്ടി ചെലവഴിക്കുന്നത്. സർക്കാർ ചെലവിലാണോ രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നത്.
കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും പണമില്ലാത്ത സർക്കാർ കേരളീയത്തിന് വേണ്ടി ധൂർത്ത് നടത്തുന്നു. ഖജനാവ് കാലിയായപ്പോഴാണ് ഇത്രയും പണം ചെലവാക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രി സുനിൽ കനഗോലുവിനെ വിമർശിക്കുകയാണെന്നും സതീഷൻ ആരോപിച്ചു.