കോഴിക്കോട്: കുറ്റ്യാടി സ്റ്റേഷനിലെ പോലീസുകാരന് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സീനിയര്‍ സിപിഒ എം.പി.സുധീഷാണ് ജീവനൊടുക്കിയത്.
ജോലി സമ്മര്‍ദം മൂലമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ഇവര്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ 11നാണ് കുറ്റ്യാടി സ്റ്റേഷനില്‍നിന്ന് ഇദ്ദേഹത്തെ കാണാതായത്. വൈകുന്നേരം മൂന്നോടെ സ്റ്റേഷന് 15 മീറ്റര്‍ അപ്പുറമുള്ള കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാത്രിയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇവിടെനിന്ന് മാറ്റിയത്. ഇതിനിടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരില്‍നിന്ന് സുധീഷിന് സമ്മർദം ഉണ്ടായിരുന്നെന്നാണ് വിവരം. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോയി ഏറെ നേരം കഴിഞ്ഞിട്ടും ഇദ്ദേഹം എവിടെയാണെന്ന് അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട്.