തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധിയെത്തുടർന്ന് മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങളില്ല. തുവരപ്പരിപ്പ്, ഉഴുന്ന്, പഞ്ചസാര തുടങ്ങിയവ സ്റ്റോറുകളിൽ ഇല്ല. വിപണിയിൽ ഈ ഇനങ്ങൾക്ക് തീവിലയാണ്. തുവരപ്പരിപ്പിന് കിലോയ്ക്ക് 180മുതൽ 200രൂപ വരെയാണ് വില. ഉഴുന്നിന് വില 160രൂപ വരെയാണ്. മാവേലി സ്റ്റോറുകളിൽ ഇവ കിട്ടാനില്ലാത്തത് വിലവർധനയിൽ വലഞ്ഞിരിക്കുന്ന പൊതുജനത്തിന് ഇരുട്ടടിയാകുകയാണ്.
മാവേലിസ്റ്റോറുകളിൽ സാധങ്ങളില്ലാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. സപ്ലൈകോയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. പ്രതിസന്ധി സപ്ലൈകോ സർക്കാരിനെ അറിയിച്ചിരുന്നു. വിപണി വിലയേക്കാൾ ടെൻഡർ തുക വരുന്നതും തടസമാണ്. പരിഹാര നടപടികൾ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സപ്ലൈക്കോയിൽ സാധനങ്ങൾക്ക് വില കൂട്ടാൻ ആലോചനയില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. സബ്‌സിഡി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കച്ചവടത്തിലെ ചില പ്രതിസന്ധികൾ സപ്ലൈകോ അറിയിച്ചിരുന്നു. സബ്‌സിഡി കുറയ്ക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. മറ്റു പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.