ഡല്‍ഹി: ബിജെപിയെ 2024ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ അത് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാകുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച ആംആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഡല്‍ഹി മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യം അക്രമത്തിലേക്കും അഴിമതിയിലേക്കും സംഘര്‍ഷങ്ങളില്‍ നിന്ന് സംഘര്‍ഷങ്ങളിലേക്കും പൊയ്‌ക്കോണ്ടിരിക്കുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകൂവെന്നും അരവിന്ദ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
`വളരെ മോശം അവസ്ഥയിലൂടെയാണ് രാജ്യം മുഴുവന്‍ കടന്നു പോകുന്നത്. എവിടെ നോക്കിയാലും പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും മാത്രം. അക്രമവും അഴിമതിയും കൊള്ളയും വന്ദിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിക്കുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ നിരന്തരം കുറയുന്നു.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയുമാണ്´- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ലും 2019ലും വലിയ ഭൂരിപക്ഷത്തിലുള്ള ജനവിധി ലഭിച്ചിട്ടും ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന് പുരോഗതിയും നിങ്ങളുടെ കുടുംബത്തിന് ക്ഷേമവും ഉണ്ടാകണമെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒഴിവാക്കുകതന്നെ വേണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയ തിമിരം ബാധിച്ച് അന്ധരായ ബിജെപിയുടെ അനുയായികളോട് തര്‍ക്കിക്കരുത്. പകരം ദേശസ്‌നേഹികളായവരോട് സംസാരിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നതെന്നും അരവിന്ദ് കെജ്രിവാള്‍ പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കി.
ദേശസ്‌നേഹികള്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുകയും ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യും. പക്ഷേ രാഷ്ട്രീയ അന്ധത ബാധിച്ച ബിജെപി അനുയായികള്‍ക്ക് രാജ്യവുമായി യാതൊരു ബന്ധവുമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് വളരെ പ്രധാനമാണെന്നും ഇനി അഞ്ച് വര്‍ഷം കൂടി ഇക്കൂട്ടര്‍ തിരിച്ചുവന്നാല്‍ രാജ്യം പൂര്‍ണമായി നശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രൂപമെടുത്ത് ഇന്ത്യാ സഖ്യത്തിലെ പ്രധാന മുഖങ്ങളില്‍ ഒന്നാണ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഇന്ത്യ സഖ്യത്തിന്റെ വരവോടെ ബിജെപിക്ക് ഇപ്പോഴൊരു ബദലുണ്ടെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
`മുന്‍പ് ബിജെപിക്ക് ബദലില്ലെന്ന് ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചത് മുതല്‍ ആ അവസ്ഥ മാറിയിരിക്കുന്നു. ഈ സഖ്യം നിലനില്‍ക്കുകയാണെങ്കില്‍ 2024 ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നും കെജ്രിവാള്‍ വ്യക്തമാക്കി.
രാജ്യത്തെ കുടുംബങ്ങള്‍ക്കുള്ളില്‍ പോലും ധ്രുവീകരണം ബാധിച്ചു കഴിഞ്ഞു. `എവിടെയും സമാധാനമില്ലാത്ത അവസ്ഥയാണ്. സമാധാനമില്ലെങ്കില്‍ രാജ്യത്തിന് പുരോഗതിയില്ല. രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ പോലും ഇപ്പോള്‍ ബിജെപിയില്‍ സന്തുഷ്ടരല്ല´- അദ്ദേഹം പറഞ്ഞു.