ചുമയും ജലദോഷവും തുമ്മലും ശ്വാസതടസവുമൊക്കെ നേരിടുന്ന രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ ഈ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഏറെയാണ്. മിക്കവരും ഇത് കൊവിഡ് ആണോ എന്ന് സംശയിക്കാറുണ്ട്. അങ്ങനെ പരിശോധനയും നടത്തും എന്നാല്‍ ടെസ്റ്റ് ഫലം നെഗറ്റീവായിരിക്കും.
തൊണ്ടയില്‍ ചൊറിച്ചില്‍, അസ്വസ്ഥത, തുമ്മല്‍, ശ്വാസതടസം, ജലദോഷം, ചുമ, ഇടയ്ക്ക് പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കിലാണ് ശ്രദ്ധിക്കേണ്ടത്. ശ്വാസകോശം പ്രശ്നത്തിലാണെന്ന് തെളിയിക്കുന്ന ലക്ഷണങ്ങളാണിവ.
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈറല്‍ ആക്രമണങ്ങളാണ് ഇങ്ങനെ ശ്വാസകോശത്തെ അവതാളത്തിലാക്കുന്ന അണുബാധകളും ആവര്‍ത്തിക്കുന്നതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. H3N2, H1N1, RSV, അഡിനോവൈറസ് എന്നിങ്ങനെയുള്ള വൈറസുകളാണത്രേ പ്രധാന പ്രശ്നക്കാര്‍.
ആസ്ത്മയുണ്ടായിട്ടും വര്‍ഷങ്ങളായി കാര്യമായി പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലാത്തവരില്‍ പോലും ഇപ്പോള്‍ പ്രശ്നങ്ങളുയര്‍ന്നുവരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഇൻഹേലര്‍ – നെബുലൈസേഷൻ എല്ലാം ആവശ്യമായി വരുന്നു. അധികവും വര്‍ധിച്ചുവരുന്ന വായു മലിനീകരണമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായി ആരോഗ്യവിദഗ്ധര്‍ എടുത്തുപറയുന്നത്.