ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇസ്രായേല്‍. ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഉടന്‍ പുറത്തുപോകണമെന്നാണ് നിര്‍ദ്ദേശം. ഇതിനിടെ ഈജിപ്ത് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുള്ള റഫ അതിര്‍ത്തി തുറന്നത് യുദ്ധത്തിനിടെയിലെ ആശ്വാസ വാര്‍ത്തയായി.
തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ബഹ്‌റൈന്‍, മൊറോക്കോ എന്നിവയുള്‍പ്പെടെയുള്ള മിഡില്‍-ഈസ്റ്റ്/ അറബ് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ, പല മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും മാലിദ്വീപും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
വിദേശത്തുള്ള ഇസ്രായേലികള്‍ അപകടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ദേശീയ സുരക്ഷാ കൗണ്‍സിലും വിദേശകാര്യ മന്ത്രാലയവും സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. ഹമാസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍, ലോകത്തെ പല രാജ്യങ്ങളിലും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ അറബ് രാജ്യങ്ങളിലും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം വര്‍ദ്ധിച്ചതായി പ്രസ്താവനയില്‍ പറയുന്നു. യഹൂദ, ഇസ്രായേലി ചിഹ്നങ്ങള്‍ക്കെതിരെ അക്രമം വര്‍ധിച്ചു. ലോകമെമ്പാടുമുള്ള ഇസ്രയേലികളുടെയും ജൂതന്മാരുടെയും നാശം ആഹ്വാനം ചെയ്യുന്നതും തീവ്രമായിരിക്കുന്നു. ഇത് കണക്കിലെടുത്താണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്.
ഈ യുദ്ധവുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍, മിഡില്‍ ഈസ്റ്റിലെ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഉദ്യോഗസ്ഥരെ ഈജിപ്ത് ക്ഷണിച്ചിട്ടുണ്ട്. ഇന്ന് ഈജിപ്തില്‍ ചേരുന്ന യോഗത്തില്‍ സമാധാനം കൊണ്ടുവരാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുമെന്നും വെടിനിര്‍ത്തല്‍ സംബന്ധിച്ച് നിര്‍ദേശം കൊണ്ടുവരാമെന്നും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പലസ്തീന്‍ അതോറിറ്റി എന്നിവയുടെ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ഇറ്റലി, സ്‌പെയിന്‍, ഗ്രീസ്, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റും പങ്കെടുക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ അല്‍-അഹ്‌റം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്നുണ്ടെന്നും വിവരമുണ്ട്.
അതേസമയം അമേരിക്കയുടെ ഇടപെടലിന് പിന്നാലെ ഈജിപ്തിലെ റഫ അതിര്‍ത്തിയിലൂടെ മാനുഷിക സഹായത്തിനായി ആദ്യ ട്രക്ക് ഗാസയിലേക്കെത്തി. ശനിയാഴ്ചയാണ് അതിര്‍ത്തി ആദ്യമായി തുറന്നത്. ഇതോടെ ഭക്ഷണത്തിനും മരുന്നിനും വെള്ളത്തിനും ക്ഷാമം നേരിടുന്ന പലസ്തീനികള്‍ക്ക് ഇതിലൂടെ സഹായം ലഭിക്കും. മൂവായിരത്തോളം ടണ്‍ സഹായ സാമഗ്രികളുമായി 200 ലധികം ട്രക്കുകള്‍ ഗാസയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.