ചണ്ഡിഗഡ്: പഞ്ചാബില്‍ മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ജലന്ധര്‍ സ്വദേശി ഹര്‍പ്രീത് സിങ്ങാ(30)ണ് അറസ്റ്റിലായത്. വസ്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം സിനിമയ്ക്ക് പോയ പ്രതി പിന്നീട് സ്‌റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നു.
വ്യാഴാഴ്ചയാണ് സംഭവം. ഹര്‍പ്രീതിന്റെ പിതാവ് ജഗ്ബീര്‍ സിങ്, മാതാവ് അമൃത്പാല്‍ കൗര്‍, സഹോദരന്‍ ഗാഗന്‍ദീപ് സിങ് എന്നിവരാണ് മരിച്ചത്. വീട് യുവാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാതിരുന്നതാണ് പകയ്ക്ക് കാരണം.
പിതാവിന്റെ കൈവശമുള്ള ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ഹര്‍പ്രീത് മൂവരെയും വെടിവയ്ക്കുകയായിരുന്നു. വീട്ടില്‍ സ്‌ഫോടനം നടത്താന്‍ എല്‍.പി.ജി. സിലിണ്ടര്‍ സൂക്ഷിച്ചിരുന്നതായും യുവാവ് മൊഴി നല്‍കി. സംഭവ ദിവസം ഹര്‍പ്രീതിന്റെ ഭാര്യയും മക്കളും ഭാര്യ വീട്ടില്‍ പോയിരുന്നു.