പത്തനംതിട്ട: അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
കൂടാതെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ഇന്ന് തെക്കൻ കേരളത്തിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കുമെന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കനക്കുമെന്നും പ്രവചനത്തിൽ പറയുന്നു.
തിങ്കളാഴ്ചയോടെ തുലാവർഷം ശക്തിപ്രാപിക്കുമെന്നതിനാൽ മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശമുണ്ട്.