തൃശൂര്‍; പാലിയേക്കര ടോള്‍ പ്ലാസയില്‍ നടത്തിയ സമരത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കേസ്. സമരത്തില്‍ ഏഴു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ടി എന്‍ പ്രതാപന്‍ എംപി, രമ്യ ഹരിദാസ് എംപി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. പാലിയേക്കരയില്‍ ടോള്‍ പിരിവിന്റെ പേരില്‍ ജി.ഐ.പി.എല്‍ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്.
ഇന്നലെയാണ് പാലിയേക്കരയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷവും ഉണ്ടായിരുന്നു. ടോള്‍ പ്ലാസയിലെ ബൂത്തിലേക്കെത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങളെ ടോള്‍ അടക്കാതെ കയറ്റിവിടുകയും ചെയ്തു. ടി എന്‍ പ്രതാപന്‍ എംപിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെയാണ് ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 705920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കി എന്നാണ് കേസ്. 
നേരത്തെ പാലിയേക്കര ടോള്‍ പ്ലാസയിലെ റെയ്ഡിന് പിന്നാലെ റോഡ് നിര്‍മ്മാണ കമ്പനിക്കെതിരെ ഇ.ഡി കടുത്ത നടപടിയുമായി മുന്നോട്ട് പോവുകയാണ്. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ ഡി മരവിപ്പിച്ചു. ഇടപാടുകള്‍ മരവിപ്പിച്ചതായി ഇഡി ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. 2006 മുതല്‍ 2016 വരെയുള്ള റോഡ് നിര്‍മാണത്തില്‍ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. 
നിര്‍മ്മാണ കമ്പനിയുടെ പാലിയേക്കരയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ഇതില്‍ ക്രമക്കേട് കണ്ടെത്തിയെന്നും ഇഡി അറിയിച്ചു. കരാര്‍ പ്രകാരമുളള നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കി, ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയവയാണ് ഇഡി കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍. ടോള്‍ വഴി പിരിഞ്ഞുകിട്ടിയ തുക കരാര്‍ കമ്പനി നിക്ഷേപിച്ചത് മ്യൂച്ചല്‍ ഫണ്ടുകളിലാണെന്നും കണ്ടെത്തി. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇഡി വ്യക്തമാക്കി. 
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോഡ് നെറ്റ് വര്‍ക് ലിമിറ്റഡ് എന്നിവര്‍ ഉദ്യോഗസ്ഥ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *