പൊന്നാനി: വ്യക്തികളുടെ സംസ്കരണമാണ് കുടുംബത്തിന്റെ നന്മയെന്നും കുടുംബത്തിന്റെ ഔന്നിത്യമാണ് മഹത്വമേറിയ നാടിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനമെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുനീർ ഹുദവി വിളയിൽ.
“നല്ല വ്യക്തി – നല്ല സമൂഹം” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എം എസ് എസ് പൊന്നാനി യൂണിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹത്തിന്റെ നിയോഗം ദൗത്യം തന്നെ ഈ പ്രമേയത്തിൽ അടയിരിക്കുന്നതായി മുനീർ ഹുദവി ചൂണ്ടിക്കാട്ടി.
സാധാരണ ജീവിതത്തിലെ നിരവധി ഉദാഹരണങ്ങളിലൂടെയും ആത്മീയ വചനങ്ങളുടെ പിബലത്തോടെയും നടത്തിയ ഗഹനമായ പ്രഭാഷണം ജീവിതത്തിൽ വിശുദ്ധിയുടെയും ധാർമികതയുടെയും ലളിതമായ പാഠങ്ങൾ അടങ്ങുന്നതായിരുന്നു.
യൂണിറ്റ് പ്രസിഡൻസ് ഡോ. ടി കെ സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ. പി വി ഹംസ സ്വാഗതവും വൈസ് പ്രസിഡന്റ് കുഞ്ഞിമൂസ നന്ദിയും പറഞ്ഞു. പൊന്നാനി ജിം റോഡിലെ എം എസ് എസ് കോമ്പ്ലെക്സ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ സ്ത്രീകൾ ഉൾപ്പെടെ നിറഞ്ഞ സദസ്സ് ആദ്യാവസാനം സന്നിഹിതരായിരുന്നു.
ദ്വൈമാസ പ്രഭാഷണങ്ങളിലൂടെ ചിന്താ വിപ്ലവത്തിന് വഴി തെളിക്കാൻ ഉദ്യേശിക്കുന്നതായി എം എസ് എസ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും സാമൂഹ്യവുമായ ഉൽകർഷമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അവർ വിവരിച്ചു.
ഒട്ടേറെ സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളാൽ സജീവമാണ് എം എസ് എസ് പൊന്നാനി യൂണിറ്റ്. നിരവധി തവണ സംഘടിപ്പിച്ച അഖിലകേരള ഖുർആൻ മത്സരങ്ങൾ യൂണിറ്റിന്റെ പ്രവർത്തങ്ങളിൽ വ്യാപകമായ പ്രശംസ പിടിച്ചെടുത്തതായിരുന്നു.