നടി ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഉമാ ഗോപാലസ്വാമി അന്തരിച്ചു. സമൂഹമാധ്യമത്തിലൂടെ ലക്ഷ്മിയാണ് വിയോഗ വാർത്ത പങ്കുവച്ചത്. ‘ഞങ്ങളുടെ എല്ലാമായിരുന്നു അമ്മ’ എന്നും ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നടിയും നർത്തകിയുമായ ലക്ഷ്മിയെ കലാരംഗത്തേക്കു കൈപിടിച്ചു നടത്തിയത് കർണാടക സംഗീതത്തിൽ പ്രാവീണ്യമുള്ള അമ്മയായിരുന്നു. ‘ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ട വിവരം അതീവ ദുഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. ഞങ്ങളുടെ എല്ലാമായിരുന്നു അമ്മ.’’– ലക്ഷ്മി കുറിക്കുന്നു.
കർണാടയിലെ ബാഗ്ലൂരിൽ ജനിച്ച ലക്ഷ്മി ഗോപാലസ്വാമി അഭിനയത്തിന് ഒപ്പം നൃത്തത്തിലും തിളങ്ങുന്ന താരമാണ്. ‘അരയന്നങ്ങളുടെ വീട്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റം. അതിനു മുൻപ് പരസ്യചിത്രങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവരാത്രിക്കുള്ള തയാറെടുപ്പിലായിരുന്നു ലക്ഷ്മി. ഈ വേളയിലാണ് അമ്മയുടെ വിയോഗം.
തന്റെ വളർച്ചയിലുടനീളം നെടുംതൂണായ് നിന്നത് അമ്മയാണെന്ന് താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമരംഗത്തു നിന്നും നിരവധി പേർ ഉമാ ഗോപാലസ്വാമിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. എം.കെ. ഗോപാലസ്വാമിയാണ് ഉമയുടെ ഭർത്താവ്. മകൻ അർജുൻ.